12 July, 2019 07:29:05 PM
സംസ്ഥാനത്തെ ആദ്യ സര്‍വകലാശാല കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ് എം.ജിയില്‍
17 ഗവേഷണ കേന്ദ്രങ്ങള്‍ ഒരു കുഴക്കീഴില്‍; അന്തര്‍വൈജ്ഞാനിക ഗവേഷണ രംഗത്തെ പുതിയ കാല്‍വയ്പ്
കോട്ടയം: വിവിധ വിഷയങ്ങളിലെ അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങളടക്കം 17 ഗവേഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴിലാക്കി അന്തര്‍വൈജ്ഞാനിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കുന്ന കേരളത്തിലെ ആദ്യ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിന്റെ നിര്‍മാണം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പൂര്‍ത്തിയായതായി വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ പറഞ്ഞു.
അന്തര്‍വൈജ്ഞാനിക ഗവേഷണപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലൂടെ വിഭാവനം ചെയ്യുന്നത്. നിലവില്‍ സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര അന്തര്‍സര്‍വകലാശാല കേന്ദ്രവും ആറ് അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങളും 10 ഇന്റര്‍ സ്‌കൂള്‍ കേന്ദ്രങ്ങളും കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലേക്ക് പ്രവര്‍ത്തനം മാറ്റും. ശാസ്ത്രവിഷയങ്ങളില്‍ വിവിധ ഗവേഷണ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുവായി ഉപയോഗിക്കാവുന്ന വിധം അത്യാധുനിക ലാബുകളും ഉപകരണങ്ങളും കോംപ്ലക്സില്‍ സജ്ജീകരിക്കും. സെമിനാര്‍-കോണ്‍ഫറന്‍സ് ഹാളുകള്‍, സ്മാര്‍ട് ക്ലാസ് റൂമുകള്‍ എന്നിവ ഇതിന്റെ ഭാഗമായി വരും.
എട്ടു നിലകളിലായി 1.10 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടം 34.42 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചതെന്ന് സിന്‍ഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കണ്‍വീനര്‍ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കടക്കം സൗകര്യപ്രദമായ നിലയില്‍ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിസിറ്റിംഗ് പ്രൊഫസര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും കഫറ്റീരിയയും കോംപ്ലക്സിലുണ്ട്. റൂസ, ചാന്‍സലര്‍ പുരസ്‌കാര സമ്മാനത്തുക എന്നിവയടക്കം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെന്നും ഗവേഷണമേഖലയില്‍ സംസ്ഥാനത്തിനു മാതൃകയാകുന്ന നിലയില്‍ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പ്രദായിക വിഷയങ്ങള്‍ക്കു പുറമേ നാനോസയന്‍സ് അടക്കം പുതിയ മേഖലകളിലെ ഗവേഷണത്തിന് പ്രോത്സാഹമേകുന്നതിനാണ് അന്തര്‍ സര്‍വകലാശാല ഗവേഷണ കേന്ദ്രങ്ങള്‍ എം.ജി. ആരംഭിച്ചത്. പുതിയ മേഖലകളില്‍ വലിയ സാധ്യതകളാണ് ഗവേഷണ കേന്ദ്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഒരു വിഷയത്തിലുള്ള ഗവേഷണം പ്രത്യേക അറകള്‍ക്കുള്ളിലൊതുങ്ങുന്നില്ലെന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ള കാഴ്ചപ്പാടാണ് പുതിയ ആശയത്തിനു പിന്നിലുള്ളത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ ഇടം എന്നതിനൊപ്പം ഗവേഷണ കേന്ദ്രങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നതിനും ഇതു സഹായിക്കും. സിന്‍ഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല.