28 June, 2019 08:27:33 PM
'എക്സലെന്‍ഷ്യ 2019' : മാന്നാനം കെ.ഇ.സ്‌കൂളില്‍ ദേശീയ - സംസ്ഥാനതല റാങ്ക് ജേതാക്കളെ അനുമോദിച്ചു
കോട്ടയം: എഞ്ചിനീയറിംഗ്, ജെ.ഇ.ഇ. മെയിന്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് (ഐ.ഐ.ടി.), നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷകളിലും, ബോര്‍ഡ് പരീക്ഷകളിലും റാങ്ക് ജേതാക്കളായ മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഫാ.ഡോ. തോമസ് ചാത്തംപറമ്പില്‍ ഉദ്്ഘാടനം ചെയ്തു. തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശേരി, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍മാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, മുന്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. സ്യേവ്യര്‍ അമ്പാട്ട്, ഹെഡ്മാസ്റ്റര്‍ കെ.ഡി. സെബാസ്റ്റ്യന്‍, പിറ്റിഎ പ്രസിഡന്റ് ജോമി മാത്യു, വിനോദ് ശങ്കരമംഗലം, റാങ്ക് ജേതാക്കളായ വിഷ്ണു വിനോദ്, മെവിറ്റ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
എഞ്ചിനീയറിംഗ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ ദേശീയ തലത്തില്‍ 35-ാം റാങ്കും, സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും, കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ പത്തു റാങ്കുകളില്‍ നാല് റാങ്കുകളും മാന്നാനം കെ.ഇ. സ്‌കൂള്‍ സ്വന്തമാക്കി. വിഷ്ണു വിനോദ് ഒന്നാം റാങ്കും, ഗൗതം ഗോവിന്ദ് എ. രണ്ടാം റാങ്കും, മെവിറ്റ് മാത്യു അഞ്ചാം റാങ്കും, ആല്‍ഫിന്‍ ഡേവിസ് പോമി ആറാം റാങ്കും കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മാന്നാനം കെ.ഇ. സ്‌കൂള്‍ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കുത്. ഇവരെകൂടാതെ ആദ്യ നൂറ് റാങ്കിനുള്ളില്‍ 13 പേരും ഉള്‍പ്പെട്ടു. ആയിരത്തില്‍ താഴെ റാങ്കുകള്‍ കരസ്ഥമാക്കിയ 47 കുട്ടികള്‍ കെ. ഇ. സ്‌കൂളിന്റേതാണ്.
എയിംസ് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ 88-ാം റാങ്കോടെ തോമസ് ജോസഫ് മുന്നിലെത്തി. ജിപ്മറില്‍ ദേശിയ തലത്തില്‍ 11-ാം റാങ്ക് നേടിയ യസാസ്‌വിന്‍ ജെയ്‌സ് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും, ദേശിയ തലത്തില്‍ 16-ാം റാങ്ക് നേടിയ അഭയ് കൃഷ്ണന്‍ രണ്ടാം റാങ്കും കരസ്ഥമാക്കി. കേരള ഫാര്‍മസി പരീക്ഷയില്‍ നവീന്‍ വിന്‍സെന്റ് ഒന്നാം റാങ്ക് നേടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്‌കൂള്‍ 80 കുട്ടികളെ എം.ബി.ബി.എസിനും 41 കുട്ടികളെ ഐ.ഐ.ടികളിലേയ്ക്കും പ്രവേശനം നേടാന്‍ പ്രാപ്തരാക്കുത്.