26 June, 2019 08:27:34 PM
ബിരുദദാന ചടങ്ങുകളിലെ പതിവ് വേഷം ഇനി വേണ്ട: ഇന്ത്യന്‍ വേഷം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അണിഞ്ഞിരുന്ന വേഷത്തിനു മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അണിഞ്ഞിരുന്നത് യൂറോപ്യന്‍ രീതിയിലെ വേഷമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ പരമ്പരാഗത കൈത്തറി വേഷങ്ങള്‍ ധരിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി.
പരമ്പരാഗത ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇന്ത്യന്‍ പൗരനെന്ന അഭിമാനമുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹിമര്‍പുര്‍ എന്‍.ഐ.ടിയിലെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക വസ്ത്രം ധരിച്ചാണ് പങ്കെടുത്തത്.
ബിരുദദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നും ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്നും ഉന്നത യു.ജി.സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങള്‍ ബിരുദദാന ചടങ്ങില്‍ ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു