22 June, 2019 07:26:35 PM


എം.ജി.യിൽ പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനും കൃത്യതയേറും; യു.ജി. - പി.ജി. പരീക്ഷാ കലണ്ടറായി




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും  സമയബന്ധിതമായി നടപ്പാക്കാൻ 2019-20 അധ്യയന വർഷത്തെ പരീക്ഷ കലണ്ടർ തയ്യാറാക്കിയതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലയ്ക്ക് കീഴിലുള്ള മികച്ച കോളേജിനെ കണ്ടെത്തി പുരസ്‌കാരം നൽകും.


ഗവേഷണത്തിലടക്കം കോളേജുകളും സർവകലാശാലയും ഒന്നിച്ചു പ്രവർത്തിക്കണം. ഉത്തരക്കടലാസുകളുടെ ഓൺലൈൻ മൂല്യനിർണയം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കോളേജുകൾ അറിവ് സമൂഹത്തിലേക്ക് പകർന്നു നൽകാനുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലൂടെ നടത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു.


ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ ഒക്‌ടോബർ 23നും മൂന്നാം സെമസ്റ്റർ പരീക്ഷ ഒക്‌ടോബർ 10നും അഞ്ചാം സെമസ്റ്റർ യു.ജി. പരീക്ഷ ഒക്‌ടോബർ 11നും ആരംഭിക്കും. സെപ്തംബർ 10ന് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കും. പരീക്ഷ കഴിഞ്ഞാലുടൻ പ്രാക്ടിക്കൽ നടക്കും. ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഒക്‌ടോബർ 31നകം നൽകണം. മൂല്യനിർണയം നവംബർ നാലു മുതൽ 16 വരെ നടക്കും. ഒന്നാം സെമസ്റ്റർ യു.ജി. പി.ജി. ഫലം ജനുവരി 25നും മൂന്നാം സെമസ്റ്റർ യു.ജി. പി.ജി. ഫലം ഡിസംബർ 31നും അഞ്ചാം സെമസ്റ്റർ യു.ജി. ഫലം ഡിസംബർ 20നും പ്രഖ്യാപിക്കും.


അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 10 മുതൽ 14 വരെ നടക്കും. രണ്ട്, നാല്, ആറ് സെമസ്റ്റർ യു.ജി., പി.ജി. പരീക്ഷകളുടെ വിജ്ഞാപനം ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കും. രണ്ടാം സെമസ്റ്റർ യു.ജി. പരീക്ഷ മാർച്ച് 17നും നാലാം സെമസ്റ്റർ യു.ജി., രണ്ടാം സെമസ്റ്റർ പി.ജി. പരീക്ഷകൾ മാർച്ച് മൂന്നിനും ആറാം സെമസ്റ്റർ യു.ജി., നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ മാർച്ച് നാലിനും ആരംഭിക്കും. പരീക്ഷ കഴിഞ്ഞാലുടൻ പ്രാക്ടിക്കൽ നടക്കും. മാർച്ച് 27നകം ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ നൽകണം. ഏപ്രിൽ ഒന്നിന് മൂല്യനിർണയം ആരംഭിക്കും. യു.ജി. ഫലം ഏപ്രിൽ 29നും പി.ജി. ഫലം മെയ് 25നും പ്രഖ്യാപിക്കും.


അധ്യാപക പോർട്ടലിൽ വിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. അധ്യാപകർ കൃത്യമായി രജിസ്‌ട്രേഷൻ നടത്തിയാലേ വിദ്യാർഥികൾക്ക് പരീക്ഷ രജിസ്‌ട്രേഷൻ നടത്താനാവൂ. പോർട്ടലിലെ രജിസ്‌ട്രേഷൻ അടിയന്തിരമായി പൂർത്തീകരിക്കണം. പരീക്ഷ രജിസ്‌ട്രേഷന് കോഴ്‌സ് മാപ്പിംഗ് നടത്തും. സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്‌ട്രേഷൻ നടത്തുമ്പോൾ പഠിക്കുന്ന വിഷയങ്ങളുടെ മാപ്പിംഗ് നടത്തണം. പ്രൈവറ്റ് ബിരുദ പരീക്ഷകൾ റഗുലർ ബിരുദ പരീക്ഷകൾക്കൊപ്പം നടത്തും. അക്കാദമിക-പരീക്ഷ കലണ്ടർ അനുസരിച്ച് കോളേജുകളുടെ പ്രവർത്തനം ക്രമീകരിക്കണം.


ക്യാമ്പുകളിൽ അധ്യാപകരെ നിയോഗിക്കുന്നതിന് പ്രിൻസിപ്പൽമാർ മേൽനോട്ടം വഹിക്കണം. പ്രിൻസിപ്പൽമാരുടെ യോഗത്തിലെ തീരുമാനങ്ങൾ കോളേജിലെ അധ്യാപകരെ അറിയിക്കുന്നതിന് പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, ഡോ. എം.എസ്. മുരളി, ഡോ. അജി സി പണിക്കർ, വി.എസ്. പ്രവീൺകുമാർ, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ, പരീക്ഷ കൺട്രോളർ പ്രൊഫ. ബി. പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K