10 June, 2019 07:04:31 PM


കിരീടത്തില്‍ വീണ്ടും പൊന്‍തൂവലുകള്‍ ചാര്‍ത്തി ഫാ.ജയിംസ് മുല്ലശ്ശേരിയും കെ.ഇ സ്കൂളും



ഏറ്റുമാനൂര്‍: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ ഫലം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ കിരീടത്തില്‍ വീണ്ടും പൊന്‍തൂവലുകള്‍ ചാര്‍ത്തി. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ ശിക്ഷണത്തില്‍ പഠിക്കാനായതില്‍ നന്ദി പ്രകാശിപ്പിക്കുകയാണ് റാങ്ക് ജേതാക്കളും ഉന്നതവിജയം നേടിയ മറ്റ് കുട്ടികളും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ ആദ്യ പത്ത് റാങ്കുകളില്‍ നാലും കെ.ഈ.സ്കൂള്‍ നേടി. തിളക്കമാര്‍ന്ന ഈ വിജയം കൈവരിച്ചത് സംസ്ഥാനപാഠ്യപദ്ധതിയില്‍ പ്ലസ് ടൂവിന് ഒരേ ക്ലാസില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സുഹൃത്തുക്കള്‍. 


വിഷ്ണു വിനോദ്, എ ഗൌതം ഗോവിന്ദ് എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയപ്പോള്‍ അഞ്ചും ആറും റാങ്കുകള്‍ നേടിയത് ഇവരുടെ സഹപാഠികളായ മെവിറ്റ് മാത്യുവും ആല്‍ഫിന്‍ ഡേവിസ് പോമിയും. ഇവര്‍ എല്ലാവരും തന്നെ  ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഈഈ മെയിന്‍) ഉന്നതവിജയം നേടിയവരും അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവരും. ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ വിദ്യാലയത്തിന്‍റെ സാരഥ്യം ഫാ.ജയിംസ് മുല്ലശ്ശേരി ഏറ്റെടുത്ത നാള്‍ മുതല്‍ ആരംഭിച്ച ജൈത്രയാത്രയാണിത്. തിങ്കളാഴ്ച സ്കൂളില്‍ എത്തിയ റാങ്ക് ജേതാക്കളെ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി, പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.



കഴിഞ്ഞ ജനുവരിയില്‍ ജെഈഈ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ 90 ശതമാനം മാര്‍ക്കിനു മുകളിലുള്ള 22 കുട്ടികളും കെ.ഇ സ്കൂളില്‍ നിന്നുള്ളവരായിരുന്നു. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററുമായി സഹകരിച്ച് പ്രത്യേക പരിശീലനമാണ് മാന്നാനം കെ.ഇ സ്കൂളിലെ കുട്ടികള്‍ക്ക് നല്‍കി വരുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. 



കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക പ്രോത്സാഹന്‍ യോജന) പരീക്ഷയിലൂടെ സ്കോളര്‍ഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനു കെ ഈ സ്കൂളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. കേരളത്തിലെ തന്നെ ഏറ്റവും വലിയ റിസള്‍ട്ട്‌ ആയിരുന്നു ഇത്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്റ്റേജ് മൂന്ന് പരീക്ഷ എഴുതിയവരില്‍ കേരളത്തില്‍  നിന്നും വിജയം കണ്ട ഏക വിദ്യാര്‍ത്ഥി മാന്നാനം കെ.ഈ സ്കൂളില്‍  നിന്നായിരുന്നു. പഠനത്തെ ഒട്ടും പ്രതികൂലമായി ബാധിക്കാതെ പ്ലസ് വണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കും മറ്റും വിദഗ്ധ പരിശീലനം നല്‍‌കുന്നു എന്നതാണ് മാന്നാനം കെ.ഈ സ്കൂളിന് ഈ നേട്ടങ്ങള്‍ ലഭിക്കുവാനുള്ള പ്രധാന കാരണം. 


അ‍ഞ്ചാം തരം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക അടിസ്ഥാനപരിശീലനവും സ്കൂളില്‍ നല്‍കി വരുന്നു. ആധുനിക രീതിയില്‍ കഴിഞ്ഞ വര്‍ഷം നവീകരിച്ച കിന്‍റര്‍ഗാര്‍ട്ടണ്‍ വിഭാഗം മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസുകളില്‍ നല്‍കി വരുന്ന പരിശീലനം കുട്ടികളുടെ അഭിരുചിക്കും വ്യക്തിത്വവികാസത്തിനും ഭാവിജീവിതം കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന തരത്തിലാണെന്ന് രക്ഷകര്‍ത്താക്കളും അഭിപ്രായപ്പെടുന്നു. നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാത്തതൊന്നും ഇല്ലെന്ന് കെ.ഈ സ്കൂളിലെ കുട്ടികള്‍ നേടിയ വിജയം തെളിയിക്കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. 


പാഠ്യവിഷയങ്ങള്‍ക്കു പുറമെ സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും ഫാ.ജയിംസ് മുല്ലശ്ശേരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാ വര്‍ഷവും പാവപ്പെട്ട കുടുംബത്തിന് വീട് പണിത് നല്‍കുന്ന പദ്ധതിയ്ക്കും ഇദ്ദേഹം നേതൃത്വം നല്‍കുന്നു. കടുത്ത വേനലില്‍ ജലസ്ത്രോതസുകള്‍ വറ്റിയ സാഹചര്യത്തില്‍ ലോറിയില്‍ സ്കൂളില്‍ എത്തിച്ച കുടിവെള്ളത്തിന്‍റെ ഒരു പങ്ക് നാട്ടുകാരുടെ ദാഹമകറ്റാനായി ഇദ്ദേഹം മാറ്റിവെച്ചു. അതും ആധുനിക സജ്ജീകരണങ്ങളോടെ ടാങ്കും വാട്ടര്‍ പ്യൂരിഫയറും സ്ഥാപിച്ച്കൊണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K