30 May, 2019 09:17:25 PM
കുരിശിലേറ്റരുതേ...! വിപ്ലവകരമായ പ്രഖ്യാപനം നടപ്പാക്കാനാവാതെ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍
ഏറ്റുമാനൂര്‍: ഒരു മാസം മുമ്പ് വിപ്ലവകരമായ ഒരു പ്രഖ്യാപനവുമായാണ് ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാമത് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അധികാരമേറ്റത്. 30 ദിവസം കൊണ്ട് ഏറ്റുമാനൂര്‍ മാതൃകാ ശുചിത്വ നഗരമായി മാറുമെന്നായിരുന്നു പ്രഖ്യാപനം. നടപ്പിലാക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രഖ്യാപനം നടത്താവു എന്ന പ്രതിപക്ഷ കൗണ്‍സിലറുടെ മുന്നറിയിപ്പിന് മറുപടിയായി ക്ലീന്‍ സിറ്റി പ്രാവര്‍ത്തികമായില്ലെങ്കില്‍ തന്നെ ക്രൂശിച്ചോളാനായിരുന്നു ചെയര്‍മാന്‍റെ മറുപടി. ഏപ്രില്‍ 30ന് നടന്ന നഗരസഭാ കൗണ്‍സിലില്‍ നടത്തിയ പ്രഖ്യാപനം പാഴ്വാക്കായതോടെ ചെയര്‍മാന്‍ മനസിലെങ്കിലും പറയുന്നുണ്ടാകും. "കുരിശില്‍ ഏറ്റരുതേ എന്നെ..."
നഗരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും നഗരമാകെ മാലിന്യങ്ങള്‍ നീക്കി കാട് വെട്ടിതെളിച്ച് മനോഹരമാക്കുമെന്നുമായിരുന്നു ചെയര്‍മാന്‍റെ പ്രഖ്യാപനം. മത്സ്യമാര്‍ക്കറ്റില്‍ നിന്നും തെര്‍മോക്കോള്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ നഗരസഭാ പരിസരത്തും മറ്റും ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശനനടപടി മാത്രമല്ല പിടിക്കപ്പെട്ടാല്‍ മത്സ്യവ്യാപാരിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ചെയര്‍മാന്‍ അന്ന് പറഞ്ഞപ്പോള്‍ ഇത് നഗരസഭാ കൗണ്‍സിലില്‍ ഒട്ടേറെ തവണ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും പക്ഷെ ഒന്നും പ്രാവര്ത്തികമാക്കാനായില്ലെന്
എന്നാല്‍ നഗരസഭയുടെ മൂക്കിന് താഴെ കൂടികിടക്കുന്ന മാലിന്യവും സാമൂഹ്യവിരുദ്ധരുടെ താവളമായ കുറ്റികാടും ഒന്നും ചെയര്‍മാന്‍ ഇതുവരെ കണ്ട മട്ടില്ല. നഗരസഭയുടെ പിന്‍വശത്തുകൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലേക്കുള്ള വഴിയില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കിടക്കുന്നത് കുന്നുകൂടി. മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങളും മറ്റും ഓടകളിലും പരിസരങ്ങളിലും പരന്നൊഴുകി മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴും. നഗരത്തിലെ ഓടകളിലെല്ലാം മാലിന്യം കെട്ടികിടക്കുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാക്കാനായില്ല. നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന മാലിന്യസംസ്കരണ പ്ലാന്‍റുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്‍റിനു ചുറ്റും തെര്‍മ്മോക്കോള്‍ പെട്ടികളുടെയും മറ്റ് മാലിന്യങ്ങളുടെയും കൂമ്പാരമാണ്.
മീനച്ചിലാറും നഗരസഭാ അതിര്‍ത്തിയിലെ തോടുകളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്ത്രോതസുകളും മാലിന്യമാകുന്നത്തിനു കാരണമായ ഉറവിടങ്ങള്‍ കണ്ടെത്തി അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം മുമ്പ് വിഭാവനം ചെയ്ത ക്ഷേത്രനഗരം ശുചിത്വനഗരം പദ്ധതിയും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ വിവിധ പദ്ധതികളായ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, റിംഗ് കമ്പോസ്റ്റ്, പ്ലാസ്റ്റിക് കുപ്പികളുടെ കളക്ഷന്‍ സെന്‍ററുകള്‍, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഇവയെല്ലാം നടപ്പിലാകാനിരിക്കെയാണ് ഒരു മാസം കൊണ്ട് നഗരത്തിന്‍റെ മുഖഛായ മാറ്റുമെന്ന ചെയര്‍മാന്‍റെ പ്രഖ്യാപനമുണ്ടായത്.
അതേസമയം 35 വാര്‍ഡുകളുള്ള നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കണ്ടിജന്‍സി ജീവനക്കാരുടെ 23 ഒഴിവുകളാണ് നഗരസഭയില്‍ ഉള്ളത്. ഈ തസ്തികകളില്‍ മുഴുവന്‍ നിയമനം നടന്നിട്ടുണ്ടെങ്കിലും ഇവരില്‍ ഒമ്പത് ജീവനക്കാരെ മാത്രമാണ് ശൂചീകരണപ്രവ്രത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളതത്രേ. ബാക്കിയുള്ളവര്‍ നഗരസഭാ കാര്യാലയത്തിനുള്ളില്‍ വിവിധ ഓഫീസ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണെന്ന് കൌണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നു.