14 November, 2025 06:24:28 PM


കോട്ടയം ജനറല്‍ ആശുപത്രിയില്‍ രോഗീസന്ദര്‍ശന സമയം പുനഃക്രമീകരിച്ചു



കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിനുള്ള സമയത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ മാറ്റം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെയും വൈകുന്നേരം ആറു മുതല്‍ എട്ടുവരെയും പാസോടുകൂടി സന്ദര്‍ശനം അനുവദിക്കും. വൈകുന്നേരം നാലു മുതല്‍ ആറുവരെ പാസില്ലാതെ സന്ദര്‍ശിക്കാം.രോഗികളുടെ ആരോഗ്യം കണക്കിലെടുത്ത് ഈ സമയത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും രാത്രി എട്ടു മുതല്‍ രാവലെ എട്ടുവരെയും സന്ദര്‍ശനത്തിന് കര്‍ശന നിരോധനമുണ്ട്. രോഗികള്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ സന്ദര്‍ശനം അനുവദിക്കില്ല. സ്ത്രീകള്‍ക്കുള്ള നാല്, അഞ്ച് വാര്‍ഡുകളില്‍ കൂട്ടിരിപ്പിന് പുരുഷന്‍മാരെ അനുവദിക്കില്ല. ഒരു രോഗിക്ക് കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ.  ആശുപത്രിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ പാര്‍ക്കിംഗിനും നിയന്ത്രണങ്ങളുണ്ട്.  ടാക്സി, ഓട്ടോറിക്ഷ, വാടക വാഹനങ്ങള്‍ എന്നിവ രോഗികളെ ഇറക്കിയശേഷം ആശുപത്രിയുടെ വെളിയില്‍ പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശപ്രകാരം വാഹനം പാര്‍ക്ക് ചെയ്യണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944