25 November, 2025 07:03:38 PM


ആന്‍റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം അനിവാര്യം- കോട്ടയം ജില്ലാ കളക്ടർ



കോട്ടയം: എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക്  സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.  എൻ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. ഗീതാദേവി 'ഏകാരോഗ്യം' എന്ന വിഷയത്തിലും മാസ്സ് മീഡിയ ഓഫീസർ ഇൻ ചാർജ് ആർ. ദീപ 'ആന്റിബയോട്ടിക് റെസിസ്റ്റൻസ് സാക്ഷരത' എന്ന വിഷയത്തിലും ക്ലാസ് നയിച്ചു. ആർദ്രം നോഡൽ ഓഫീസർ ഡോ. ലിൻഡോ ലാസർ ആന്റിബയോട്ടിക് റെസിസ്റ്റൻസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡി.എസ്.ഓ ഡോ.ജെസ്സി ജോയ് സെബാസ്റ്റിയൻ, ആയുർവേദം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ. ടി. അജിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഇ.എസ്. ഉഷാദേവി എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307