24 November, 2025 01:42:58 PM


എംഡിഎംഎ വാങ്ങിയിട്ട് പണം നൽകിയില്ല, കാശ് ചോദിച്ചെത്തിയ ആദര്‍ശിനെ കൊന്നു; ദൃശ്യങ്ങൾ പുറത്ത്



കോട്ടയം: മാണിക്കുന്നത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശിന്റെ (23) കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി കെ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആദര്‍ശിന്റെ കൈയില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം രണ്ടുപേര്‍ തമ്മില്‍ അടിപിടി കൂടുന്നതും പിടിച്ചുമാറ്റാന്‍ അനില്‍ കുമാറും ഭാര്യയും ഓടിവരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിവലിക്കിടെയാണ് കൊലപാതകം നടന്നത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അനില്‍ കുമാറിനെയും മകനെയും പിടികൂടിയത്. ഇവരെ കോട്ടയം വെസ്റ്റ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K