24 November, 2025 10:41:10 AM


'ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല'; കോട്ടയത്ത് ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ



കോട്ടയം: എസ്ഐആറിലെ ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബിഎൽഒ. പൂഞ്ഞാർ മണ്ഡലം 110ാം ബൂത്തിലെ ബിഎൽഒ ആൻ്റണിയാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ല. ജീവിതം തകരുന്നുവെന്നും ആന്റണിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂഷണം ചെയ്താണ് ജോലി ചെയ്യിക്കുന്നത്. ആവശ്യമായ ഉപകരണങ്ങളോ ഇൻ്റർനെറ്റോ നൽകുന്നില്ലെന്നും ആന്റണിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.

നിലവിൽ ഇടുക്കിയിലെ പോളിടെക്നിക്ക് ഉദ്യോഗസ്ഥനാണ് ആൻ്റണി. ന്യൂമറേഷൻ ഫോമുകൾ നൽകി കഴിഞ്ഞാൽ പൂർണമായും പൂർത്തീകരിച്ച് തരുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് ഇയാളുടെ പ്രധാന പരാതി. ന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാതിരുന്നാൽ പലപ്പോഴും ബിഎൽഒമാർ തന്നെ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട സാഹചര്യമുണ്ടാകുന്നു. ഇത് തനിക്ക് വലിയ തോതിൽ മാനസിക സമ്മർദമുണ്ടാക്കുന്നു എന്നാണ് ആൻ്റണി ശബ്ദസന്ദേശത്തിൽ പറയുന്നത്.

ബിഎൽഒയുടെ ഓഡിയോ സന്ദേശം ചുവടെ.

'ഗ്രൂപ്പ് അംഗങ്ങളും ബഹുമാനപ്പെട്ട വില്ലേജ് ഓഫീസറും ഉത്തരവാദിത്തപ്പെട്ടവരും കേള്‍ക്കാന്‍ പറയുകയാണ്. എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദത്തിലാണ് ഞാന്‍. നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരാഴ്ച്ചയ്ക്കുളളില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കൊണ്ടുപോയി ഫോം കൊടുത്തു. ഒരുവശം പോലും പൂരിപ്പിക്കാതെയാണ് പലരും തരുന്നത്. ഇവരുടെ മൊത്തം വിവരങ്ങള്‍ ഞാന്‍ കണ്ടുപിടിച്ച് പൂരിപ്പിച്ച് കൊടുക്കണം. അതിന് കാല്‍ കാശ് കിട്ടുന്നില്ല. നിങ്ങള്‍ ഇതിന് വേണ്ടി യാതൊരു ഉപകരണങ്ങളും തരുന്നില്ല. മൊബൈലോ ഇന്റര്‍നെറ്റോ ഇല്ല.

തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണ്. ഞങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നത്. ഈ അടിമപ്പണി ദവയുചെയ്ത് നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നുപോകുന്ന അവസ്ഥയിലാണ്. മനസിന്റെ സമനിലയും മാനസികാരോഗ്യവും നഷ്ടപ്പെട്ട് ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും. ദയവുചെയ്ത് എന്നെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം. സഹികെട്ടാണ് പറയുന്നത്. അല്ലെങ്കില്‍ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ഞാന്‍ ചാവും.

എനിക്ക് അതുപോലെ മാനസിക സംഘര്‍ഷമാണ്. എനിക്ക് സമാധാനപരമായി ജോലി ചെയ്യാനുളള സാഹചര്യമില്ല. നാട്ടുകാരുടെ തെറി കേള്‍ക്കണം. റവന്യൂ ഉദ്യോഗസ്ഥരുടെ തെറി കേള്‍ക്കണം. ഒരുമിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയും. ഇങ്ങേര്‍ക്കൊക്കെ എസി റൂമില്‍ നിന്ന് പറയാം. പുറത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ നിങ്ങള്‍ക്കറിയേണ്ട. ജനത്തിന്റെയും നിങ്ങളുടെയും തെറി കേള്‍ക്കാന്‍ പറ്റില്ല. ഒന്നുകില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനും എസ് ഐ ആറും ആണെന്ന് മാത്രമേ എനിക്ക് പറയാനുളളു'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K