09 April, 2019 07:20:26 PM
എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗില്‍ 34ല്‍ നിന്ന് 30ലേക്ക് ഉയര്‍ന്ന് എം.ജി.സര്‍വ്വകലാശാല
കോട്ടയം: രാജ്യത്തെ മികച്ച 100 സര്‍വകലാശാലകളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് 30-ാം സ്ഥാനം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ 34-ാം സ്ഥാനത്തുനിന്നാണ് ഈ വര്‍ഷം 30-ാം സ്ഥാനത്തേക്ക് എം.ജി. ഉയര്‍ന്നത്. കേരളത്തില്‍ നിന്ന് നാലു സര്‍വകലാശാലകള്‍ മാത്രമാണ് ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചത്. എം.ജി.യുടെ സ്‌കോര്‍ 48.08 ആണ്.
ഗവേഷകരടക്കമുള്ള വിദ്യാര്‍ഥികളുടെ എണ്ണം, സ്ഥിരാധ്യാപക-വിദ്യാര്‍ഥി അനുപാതം, ഡോക്ടറേറ്റ് നേടിയ അധ്യാപകരുടെ എണ്ണവും പ്രവൃത്തി പരിചയവും, മൊത്തം ബജറ്റും അതിന്റെ വിനിയോഗവും, പബ്ലിക്കേഷനുകളുടെ എണ്ണം, ഗുണനിലവാരം, പേറ്റന്റുകള്‍, പ്രൊജക്ടുകള്‍, പ്രൊഫഷണല്‍ പ്രാക്ടീസ്, എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍, ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള പ്ലെയ്സ്മെന്റുകള്‍, സര്‍വകലാശാല പരീക്ഷകള്‍ക്കുള്ള മെട്രിക്, മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടിയ ബിരുദ വിദ്യാര്‍ഥികളുടെ എണ്ണം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം, വനിതകളുടെ എണ്ണം, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ സൗകര്യങ്ങള്‍ തുടങ്ങി 21ഓളം ഘടകങ്ങളാണ് റാങ്കിംഗിനായി പരിഗണിച്ചത്.
രാജ്യത്തെ മികച്ച പത്ത് സര്‍വകലാശാലകളിലൊന്നായി എം.ജി.യെ മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയ 'ചാന്‍സലേഴ്സ് അവാര്‍ഡ്' 2015-16ലും 2017-18ലും എം.ജി. നേടിയിട്ടുണ്ട്. 2018ലെ ഇന്ത്യാ ടുഡേ എം.ഡി.ആര്‍.എ. റാങ്കിംഗില്‍ രാജ്യത്തെ മികച്ച 11-ാമത്തെ സര്‍വകലാശാലയായി എം.ജി. തെരഞ്ഞെടുക്കപ്പെട്ടിരുന്നു.