27 March, 2019 11:01:20 AM


കേരള സർവ്വകലാശാലയില്‍ മൂല്യനിർണ്ണയത്തിന് അയച്ച ഉത്തരക്കടലാസുകള്‍ കാണാനില്ല



തിരുവനന്തപുരം:  മൂല്യനിർണ്ണയത്തിനായി വിവിധ കോളേജുകളിൽ നിന്ന് മൂല്യനിർണ്ണയത്തിനായി കേരള സർവ്വകലാശാല ആസ്ഥാനത്തേക്ക് അയച്ച ഉത്തരക്കടലാസുകൾ കാണാനില്ല. 45 വിദ്യാർത്ഥികളുടെ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. ഇക്കാര്യം സമ്മതിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ നോട്ടിന്‍റെ പകർപ്പ് പുറത്തായി.  ബിഎ, ബിഎസ് സി, എംഎസ് സി, ബി-ടെക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. 

എസ്ഡി ആലപ്പുഴ, രാജധാനി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം ഗവൺമെൻറ് കോളേജ്, കാഞ്ഞിരംകുളം ഗവൺമെന്‍റ് കോളേജ്, അമ്പലത്തറ നാഷനൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഉത്തരക്കടലാസാണ് കാണാതെ പോയത്. സർവ്വകലാശാല ആസ്ഥാനത്ത് നമ്പറിട്ട് ഈ ഉത്തരക്കടലാസുകൾ സ്വീകരിച്ചതായി രേഖയുണ്ട്. ടാബുലേഷനിടെയാണ് ചില വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ ഇല്ലെന്ന് അറിയുന്നത്. ഇക്കാര്യം സമ്മതിച്ച് സിന്‍ഡിക്കേറ്റിന്‍റെ പരീക്ഷാവിഭാഗം ഉപസമിതി സർവ്വകലാശാലക്ക് നോട്ട് നൽകി.

സംഭവം വിവാദമായതോടെ പരീക്ഷാ കൺട്രോളറോടും സിന്‍ഡിക്കേറ്റിന്‍ പരീക്ഷ ചുമതലയുള്ള അധ്യക്ഷനോടും അന്വേഷിക്കാൻ സർവ്വകലാശാല ആവശ്യപ്പെട്ടു. വീണ്ടും പരീക്ഷ നടത്താനുള്ള നീക്കത്തിലാണ് സർവ്വകലാശാല. ഉത്തരക്കടലാസുകൾ ബോധപൂർവ്വം ആരെങ്കിലും പൂഴ്ത്തിയതാണോ എന്ന സംശയവുമുണ്ട്. പുന:പ്പരീക്ഷ നടത്തുന്ന പേപ്പറുകൾക്കെല്ലാം ഉയർന്ന മാർക്ക് കിട്ടുന്നുവെന്ന പരാതി നേരത്തെ തന്നെ ഉയരുന്നുണ്ട്. പത്ത് വർഷം മുമ്പ് അസിസ്റ്റന്‍റ് ഗ്രേഡ് പരീക്ഷയുടെ അര ലക്ഷത്തോളം ഉത്തരക്കടലാസുകൾ സർവ്വകലാശാലയിൽ നിന്നും കാണാതായത് വൻവിവാദമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K