16 March, 2019 07:33:43 PM
ഫാഷന്‍ഷോയും ഭക്ഷ്യമേളയും ഒരുക്കി എസ്.എം.എസ്. കോളേജ് ദിനാഘോഷം - 'റെഗാലിയ 2019'
ഏറ്റുമാനൂര്‍: ഭക്ഷ്യമേളയും ഫാഷന്‍ഷോയും പൂര്‍വവിദ്യാര്‍ഥിസംഗമവും കൊണ്ട് സമ്പന്നമാക്കി ഏറ്റുമാനൂര്‍ എസ്.എം.എസ്. കോളേജിന്‍റെ വാര്‍ഷികാഘോഷം. കഴിഞ്ഞ 17 വര്‍ഷത്തെ പ്രവര്‍ത്തനമികവുകൊണ്ടാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ മുന്‍നിരക്കാരായി മാറാന്‍ എസ്.എം.എസ്. കോളേജിനായതെന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. പറഞ്ഞു.
ചലച്ചിത്രതാരം ഷറഫുദീനുമായി കുട്ടികള്‍ നടത്തിയ സംവാദമായിരുന്നു 'റെഗാലിയ-2019' എന്ന പേരില്‍ നടത്തിയ ആഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണം. പുതിയ തൊഴിലവസരങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗം ഡിസൈന്‍ ചെയ്ത 125ല്‍ പരം കോസ്റ്റ്യൂംസും ഹോട്ടല്‍ മാനേജ്‌മെന്‍റ് വിഭാഗത്തിലെ കുട്ടികളൊരുക്കിയ ഫുഡ്‌ഫെസ്റ്റും പരിപാടിക്ക് മാറ്റുകൂട്ടി. കോളേജിന്‍റെ ചരിത്രത്തിലാദ്യമായി നടത്തിയ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വിദേശങ്ങളിലടക്കം ജോലി ചെയ്യുന്നവരെത്തി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ നാടന്‍പാട്ടും നൃത്തവും മറ്റു കലാപരിപാടികളുമായി അരങ്ങിലെത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ അധ്യക്ഷത വഹിച്ച സാസ്‌കാരിക സമ്മേളനത്തില്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഗണേശ് ഏറ്റുമാനൂര്‍, പി.എസ്.വിനോദ്, കൗണ്‍സിലര്‍ അനീഷ് വി നാഥ്, തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൂര്യ പ്രദോഷ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. മോഡലും നടിയും ഡിസൈനറുമായ ചിപ്പി ദേവസ്യ ഫാഷന്‍ ഷോയ്ക്ക് വിധികര്‍ത്താവായി. കോളേജ് മാഗസിൻ 'തിതീക്ഷ'യുടെ പ്രകാശനവും നടന്നു.