12 March, 2019 09:14:13 PM


എം.ജി. സർവ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ; അധ്യാപികക്കെതിരെ നടപടി

കൊച്ചി: മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ബിരുദ  പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആലുവയിലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മൂല്യനിർണയത്തിന് ശേഷം അധ്യാപികയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണ് ഇവയെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. അധ്യാപികയെയും മൂല്യനിർണയത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സർവകലാശാല അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിന് സമീപം ഉള്ള വഴിയരികിൽ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഉത്തരകടലാസുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ബി എസ് സി ബയോടെക്നോളജി ജെനറ്റിക് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 39 ഉത്തരക്കടലാസുകളാണ് വഴിയരികിൽ കണ്ടത്. 2018 ഡിസംബർ 12ന് നടന്ന പരീക്ഷയുടെ ഉത്തരകടലാസുകളായിരുന്നു ഇവ. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അറിയിച്ചതിനെ തുടർന്നെത്തിയ നഗരസഭാ അധികൃതര്‍ ഉത്തര കടലാസുകള്‍ ആലുവ പൊലീസിന് കൈമാറി. 

മൂല്യനിർണയത്തിന് ശേഷം ആലുവ യുസി കോളേജിലെ ക്യാപിലേക്ക് കൊണ്ടും വരും വഴി അധ്യാപികയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടതാണ് ഉത്തരകടലാസുകള്‍ എന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. മാറമ്പള്ളി എം ഇ സ് കോളേജിലെ അധ്യാപികയുടെ കൈയിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്. ഈ അധ്യാപികയയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയുമാണ് പരീക്ഷാ ജോലികളിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർവ്വകലാശാല മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K