15 March, 2016 04:34:00 PM


അട്ടപ്പാടിയിലെ ആറ് കുട്ടികള്‍ കഴക്കൂട്ടം സൈനിക സ്കൂളിലേക്ക്




അഗളി: സ്വന്തം പേരുപോലും ശരിക്കെഴുതാനറിയാത്ത ആദിവാസിക്കുട്ടികള്‍ക്ക് ഇവിടേക്ക് വഴിയൊരുക്കിയത് ആത്മവിശ്വാസവും പിന്തുണയും സ്‌നേഹവും. കടുകട്ടിയായ പരീക്ഷയില്‍ വിജയത്തോടെ ഇവര്‍ സൈനിക സ്‌കൂള്‍ പ്രവേശനത്തിന് അര്‍ഹതനേടി.

കാരറ യു.പി. സ്‌കൂളിലെ ബിനുരാജ്, കോട്ടത്തറ ഗവ. യു.പി. സ്‌കൂളിലെ ഹരി ബി., വിഷ്ണു ആര്‍., പുതൂര്‍ ഗവ. സ്‌കൂളിലെ മിഥിന്‍ എം., ശിവകുമാര്‍ ബി., ആര്‍. അനീഷ് എന്നീ കുട്ടികളാണ് പ്രവേശനം നേടിയത്.

1991ല്‍12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് അട്ടപ്പാടിക്കാരെ വിജയികളാക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയത്. തങ്ങളുടെ ബാച്ചിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചത് ഈ പുതുവഴിയിലൂടെയാണ്. 2006 ല്‍ അന്തരിച്ച രാജഗിരി കോളേജിലെ ലക്ചററായിരുന്ന സഹപാഠി ഷൈന്‍ പി.ബേബിയുടെ ഓര്‍മയില്‍ അവര്‍ പദ്ധതിക്ക് പ്രോജക്ട് ഷൈന്‍ എന്ന് പേരുമിട്ടു. അട്ടപ്പാടിയില്‍ആറുമാസംകൊണ്ട് സൈനിക സ്‌കൂള്‍ പരീക്ഷയ്ക്ക് പരിശീലനം നല്‍കി. പങ്കെടുത്ത 24 കുട്ടികളില്‍ 15 പേര്‍ എഴുത്തുപരീക്ഷയില്‍ വിജയികളായിരുന്നു. ഇതില്‍ ആറുപേരാണ് ഇന്റര്‍വ്യുവിലും വിജയികളായത്. 18പേര്‍ നവോദയ സ്‌കൂള്‍ പ്രവേശനപരീക്ഷയും എഴുതി.

സബ്കളക്ടര്‍ നൂഹ് പി. ബാവയുടെ മികച്ച ഇടപെടലും പിന്തുണയും ഈ വിജയത്തിനുപിന്നിലുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമുതല്‍ എല്ലാ ഘട്ടങ്ങളിലും സബ്കളക്ടര്‍ കൂടെയുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K