22 February, 2019 08:12:00 PM
രാജ്യാന്തര വിദ്യാഭ്യാസ സാധ്യതകൾ തുറന്നുകാട്ടി എം.ജി.യിൽ അന്തർദ്ദേശീയ വിദ്യാർഥി സംഗമം
കോട്ടയം: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ നിലവാരവും ചെലവ് കുറവും വിദേശ വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കുന്നുവെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ സംഘടിപ്പിച്ച അന്തർദ്ദേശീയ വിദ്യാർഥി/ഗവേഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് കൂടുതൽ വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ കഴിയണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 25 രാജ്യങ്ങളുടെ തനതായ ചരിത്ര, സാംസ്‌കാരിക, വിദ്യാഭ്യാസ, ടൂറിസം സാധ്യതകളെക്കുറിച്ചു നടക്കുന്ന സംഗമത്തിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
റീജണൽ ഓഫീസർ മധുർകങ്കണ റോയി, സിൻഡിക്കേറ്റംഗം പ്രൊഫ. കെ.എം. കൃഷ്ണൻ, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. എ.എം. തോമസ്, പ്രൊഫ. കെ.എം. സീതി, ഡോ. സി. വിനോദൻ, ഡോ. സജിമോൻ ഏബ്രഹാം എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് പഠിക്കുന്ന 92 വിദേശ വിദ്യാർഥികൾ സംഗമത്തിനെത്തി. 15 രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.