20 February, 2019 08:59:13 PM
എം.ജി. പരീക്ഷാ നടത്തിപ്പ് ആധുനികവൽക്കരണം; ജീവനക്കാർക്ക് പരിശീലനം നൽകി
കോട്ടയം: പരീക്ഷ നടത്തിപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളുടെ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള അധ്യാപകർക്കും അനധ്യാപകർക്കും പരിശീലനം നൽകി. മൂല്യനിർണയത്തിനായി രജിസ്‌ട്രേഷൻ നമ്പരിന് പകരം ഫാൾസ് നമ്പർ നൽകുന്നതിന് എക്‌സാമിനേഷൻ ഫാൾസ് നമ്പർ മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും.
ഇലക്‌ട്രോണിക് രീതിയിൽ ഫാൾസ് നമ്പർ റീഡ് ചെയ്യുന്ന സ്റ്റിക്കർ പരീക്ഷാഹാളിൽവച്ചു തന്നെ ഉത്തരക്കടലാസിൽ പതിക്കും. ഫാൾസ് നമ്പർ മാപ്പിംഗ് പരീക്ഷാഹാളിൽത്തന്നെ നടക്കും. ഉത്തരക്കടലാസുകൾക്ക് ഫാൾസ് നമ്പർ നൽകൽ ഏറെ സമയമെടുത്തിരുന്നു. എക്‌സാമിനേഷൻ ഫാൾസ് നമ്പർ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഇത് അനായാസമാകുകയും മൂല്യനിർണയം വേഗത്തിലാക്കാൻ സഹായകമാവുകയും ചെയ്യും. സർവകലാശാല അസംബ്ലിഹാളിൽ നടന്ന പരിശീലനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷാ നടത്തിപ്പിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് സേവന നിലവാരവും വേഗവും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. പി.കെ. പത്മകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ ഗിരീഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷ പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിന് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ എസ്. മജേഷ് നേതൃത്വം നൽകി. പരീക്ഷാ നടത്തിപ്പിൽ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരീക്ഷ മോണിറ്ററിംഗ് സെൽ വിഭാഗത്തിലെ ജോയ് മാത്യു വിശദീകരിച്ചു.