10 February, 2019 09:14:22 PM
സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമായി കേരളീയസമൂഹം മാറണം: മുഖ്യമന്ത്രി
കൊച്ചി: സാങ്കേതികവിദ്യയുടെ കോളനിയാകുന്നതിന് പകരം ഉപജ്ഞാതാക്കളും സാധ്യതകളുടെ പ്രയോക്താക്കളും ആകുന്നതിന് കേരളീയ സമൂഹം സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ടി കാത്തിരിക്കാതെ ചട്ടക്കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള യുവതലമുറയ്ക്ക് കഴിയണം. നല്ല സാങ്കേതികവിദ്യകള്‍ കേരളത്തിലെത്തിക്കാനും ഇവ വികസിപ്പിച്ച് നാടിന് ഇണങ്ങുന്ന രീതിയില്‍ മികവുറ്റതാക്കാനും ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങണം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അസാപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം കൊച്ചി സര്‍വകലാശാല കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹം നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വിജ്ഞാനം കൂടുതലായി ആര്‍ജിക്കുന്നവര്‍ പൊതുസമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത് നാടിന്റെ വൈദഗ്ധ്യ നിര്‍മിതിയുടെ കേന്ദ്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കണം. ഈ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു പോകേണ്ടത് വിദ്യാര്‍ത്ഥികളുടെ മാത്രമല്ല നാടിന്റെ തന്നെ ഉയര്‍ച്ചക്കും അനിവാര്യമാണ്. അതുകൊണ്ടു തന്നെ പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത മികവുറ്റതാക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും.
ലോകത്ത് തകര്‍ച്ച നേരിട്ടിരുന്ന പല രാജ്യങ്ങളും പുരോഗതിയിലേക്ക് കുതിച്ചത് സാങ്കേതികമികവ് കൈവരിച്ചതിലൂടെയാണ്. ജപ്പാന്‍, കൊറിയ, ജര്‍മനി തുടങ്ങിയവ ഉദാഹരണം. ഓരോ വികസന മുന്നേറ്റവും ചെറുപ്പക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് നാടിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സാങ്കേതികവിദ്യ വ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്തുകളേക്കാള്‍ സാധ്യതകളിലേക്കാണ് നാം ഊന്നല്‍ നല്‍കേണ്ടത്. എന്നാല്‍ ഈ സാധ്യതകള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നതാണ് വസ്തുത.
സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയണം. കര്‍ഷകരും പരമ്പരാഗത വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതല്ല, വില കിട്ടാത്തതാണ് അവര്‍ നേരിടുന്ന പ്രശ്‌നം. പ്രൊഫഷണല്‍ വിദ്യാഭ്യാസം കൈവരിക്കുന്നവരില്‍ ഒരു ശതമാനമെങ്കിലും ഈ രംഗത്ത് കേന്ദ്രീകരിച്ചാല്‍ സാമൂഹികവും സാമ്പത്തികവുമായി വന്‍ മാറ്റമുണ്ടാകും. കൃഷി, ഫിഷറീസ്, പൗള്‍ട്രി തുടങ്ങിയ രംഗങ്ങളിലെല്ലാം സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള മുന്നേറ്റം സൃഷ്ടിക്കണം.
ചട്ടക്കൂടുകളില്ലാതെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അമേരിക്കയിലെ സിലിക്കണ്‍ വാലി. കേരളത്തിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാനാകും. ഇവര്‍ക്ക് നിക്ഷേപങ്ങളും നികുതി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സഹായകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുന്നതിന് പ്രത്യേക സഹായം നല്‍കുന്നത് സംബന്ധിച്ചും നിയമവിദഗ്ധരുമായി ചേര്‍ന്ന് ആലോചിക്കും. ഗവേഷണത്തില്‍ സാമ്പ്രദായിക മാര്‍ഗങ്ങള്‍ കൈവെടിയാനുള്ള സാധ്യതകളാണ് ഇന്റര്‍നെറ്റ് തുറന്നിടുന്നത്. ഇത് പരമാവധി മുതലെടുക്കണം. മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പബ്ലിക്ക് ലൈബ്രറി പോലെ ആശ്രയിക്കാവുന്ന ലാബറട്ടറികള്‍ രൂപപ്പെടുത്തുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
തനതായ കണ്ടുപിടുത്തങ്ങള്‍ കുറവും അതേസമയം സാങ്കേതികവിദഗ്ധരുടെ എണ്ണത്തില്‍ വലിയ ശക്തിയുമാണെന്ന വൈരുദ്ധ്യം നമ്മുടെ നാടിനുണ്ട്. ഇതില്‍ മാറ്റം വരണം. ഗവേഷണം, സന്നദ്ധത, മനഃസാന്നിധ്യം എന്നിവയില്‍ കേരളം മികവ് തെളിയിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയെ പ്രതിരോധിച്ചപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ഈ മികവ് ലോകം വാഴ്ത്തിയതാണ്. ആതുരസേവനരംഗത്ത് രോഗികള്‍ ഉള്ളിടത്തേക്ക് ഡോക്ടര്‍മാരെ എത്തിക്കുകയെന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. സേവനസന്നദ്ധതയ്ക്കാണ് ഡോക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. ഗ്രാമീണമേഖലയെ പ്രത്യേകമായി ശ്രദ്ധിക്കണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഗ്‌ളോബല്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം ഏര്‍പ്പെടുത്തും.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടാകാന്‍ പോകുന്നത്. ഡ്രൈവര്‍മാരില്ലാത്ത വാഹനങ്ങള്‍ വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രംഗങ്ങളെയും കീഴ്‌പ്പെടുത്തും. ഇത് ഏറെ ബാധിക്കുക ദരിദ്രരാജ്യങ്ങളെയാണ്. ലാഭം കുറച്ചു പേരിലേക്ക് ഒതുങ്ങുകയും വലിയ വിഭാഗത്തിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. ഇതിന് പ്രതിവിധി നിര്‍ദേശിക്കേണ്ടത് രാഷ്ട്രീയക്കാരല്ല, സാങ്കേതികവിദഗ്ധരാണ്. ഇന്റര്‍നെറ്റ് സാര്‍വത്രികമാകുന്നതോടെ ഡിജിറ്റല്‍ വിടവ് കുറയുമെങ്കിലും മറ്റ് പലതും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകരുത്. പ്രൊഫഷണല്‍ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും സിലബസ് വര്‍ഷം തോറും പരിഷ്‌കരിക്കും. എല്ലാ മേഖലകളിലും ആശയങ്ങളുടെ സമാഹൃതശൃംഖലകളുണ്ടാകണം. വിവിധ മേഖലകള്‍ പരസ്പരം സഹകരിക്കണം.
തീവ്രസ്വഭാവമുള്ള വിഘടനവാദ സംഘടനകളും സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരും ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെയാണ്. അവരുടെ കെണിയില്‍ വീഴരുത്. സ്ത്രീസമത്വം സാമൂഹികസമത്വമാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. അഴിമതിരഹിതരും മാതാപിതാക്കളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. സന്ദീപ്.പി.ത്രിവേദി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിസ് വി. ഗോപാലഗൗഡ, ഡോ. എം.എസ്. വല്യത്താന്‍, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. എന്‍.ആര്‍. മാധവമേനോന്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ബി. ഇക്ബാല്‍, ഡോ വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.