08 February, 2019 08:48:17 PM


എം.ജി.യിൽ പി.ജി. സിലബസ് പരിഷ്‌ക്കരണം അന്തിമഘട്ടത്തിൽ; 2019-20ൽ പുതിയ സിലബസ്‌




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദാനന്തരബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്‌ക്കരണം അന്തിമഘട്ടത്തിൽ.  2019-20 അഡ്മിഷൻ മുതൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പി.ജി. കോഴ്സുകൾക്ക് പുതിയ സിലബസ് നിലവിൽവരും. 80 കോഴ്സുകളുടെ സിലബസാണ് പരിഷ്‌ക്കരിക്കുന്നത്. സിലബസ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 46 വിഷയങ്ങളിലെ ശില്പശാലകൾ പൂർത്തീകരിച്ചതായി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ്, വിദഗ്ധ സമിതി യോഗം വിലയിരുത്തി.

വിവിധ വിഷയങ്ങളിലുള്ള 14 ബോർഡ് ഓഫ് സ്റ്റഡീസിന്റെയും 31 വിദഗ്ധസമിതിയുടെയും നേതൃത്വത്തിൽ മൂന്നുദിവസം നീണ്ട ശിൽപശാലകളാണ് സംഘടിപ്പിച്ചത്. ജേർണലിസം, ഫൈൻ ആർട്‌സ് വിഷയങ്ങളിലെ ശില്പശാലകൾ ഈ മാസം നടക്കും. ഇതോടെ എല്ലാ വിഷയങ്ങളിലെയും ശില്പശാലകൾ പൂർത്തീകരിക്കും. ശില്പശാലകളിലൂടെ തയ്യാറാക്കിയ പരിഷ്‌ക്കരിച്ച സിലബസ് മാർച്ച് 15നകം സർവകലാശാലയിൽ സമർപ്പിക്കാനും ചോദ്യബാങ്കിലേക്ക് ചോദ്യങ്ങൾ തയ്യാറാക്കി നൽകാനും ബോർഡ് ഓഫ് സ്റ്റഡീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിരുദ പരീക്ഷകളുടെ ക്വസ്റ്റ്യൻ ബാങ്കിലേക്ക് ചോദ്യങ്ങൾ നൽകുന്നതിന് യു.ജി. ബോർഡ് ഓഫ് സ്റ്റഡീസിന് നിർദ്ദേശം നൽകി. യു.ജി. അഞ്ചാം സെമസ്റ്ററിൽ എൻവയോൺമെന്റൽ സയൻസസിന്റെ സിലബസിൽ 'സമക്ഷം' സിനിമ ഉൾപ്പെടുത്തുക, യു.ജി. പ്രൈവറ്റ് പരീക്ഷയ്ക്കുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളും യു.ജി. ബോർഡ് ഓഫ് സ്റ്റഡീസ്, വിദഗ്ധ സമിതി സംയുക്ത യോഗം ചർച്ച ചെയ്തു. യോഗങ്ങൾ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച നിലയിൽ ചോദ്യപേപ്പറുകൾ തയ്യാറാക്കാൻ കഴിയുന്നത് അക്കാദമിക നിലവാരം ഉയർത്തുമെന്നും വിദ്യാർഥികളുടെ കഴിവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, ഡോ. അജി സി. പണിക്കർ, പ്രൊഫ. വി.എസ്. പ്രവീൺകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.എസ്. ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ സിലബസിൽ ഡയറക്ടർ ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയിൽ ഗ്രേഡിങ് രീതിയിൽനിന്ന് ഏഴു പോയിന്റ് സ്‌കെയിൽ ഗ്രേഡിങ് രീതിയിലേക്ക് മാറും. 1.99 വരെ ഡി ഗ്രേഡ്, 2.00-2.49 സി, 2.50-2.99 സി പ്ലസ്, 3.00-3.49 ബി, 3.50-3.99 ബി പ്ലസ്, 4.00-4.49 എ, 4.50-5.00 എ പ്ലസ് ഗ്രേഡ് എന്ന നിലയിലേക്ക് ജി.പി.എ./എസ്.ജി.പി.എ./സി.ജി.പി.എ. ഗ്രേഡിങ് രീതി മാറും. കോഴ്സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജർ നിർബന്ധമാണ്.

പി.ജി. കോഴ്സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററിൽ 16 മുതൽ 25 ക്രെഡിറ്റ് നിർബന്ധമാണ്. ഒരു കോഴ്സിന് രണ്ടു മുതൽ അഞ്ചു ക്രെഡിറ്റ് വരെ നൽകാം. ഓരോ കോഴ്സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നമ്പരും നൽകും. 2012 നുശേഷം ഇതാദ്യമായാണ് പി.ജി. കോഴ്സുകളുടെ സിലബസ് പരിഷ്‌കരണം നടക്കുന്നത്. വിവിധ വിഷയങ്ങളിലായി 367 വിദഗ്ധരടങ്ങുന്ന 45 സമിതികളാണ് പുതിയ സിലബസ് തയാറാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K