06 February, 2019 03:02:46 PM
ജിജ്ഞാസ ശാസ്ത്രജ്ഞയാക്കി; കേരളം ശാസ്ത്രത്തോട് ആഭിമുഖ്യമുള്ള നാട്- പ്രഫ. അദ ഇ. യോനാത്
കോട്ടയം: അറിയാനുള്ള ആഗ്രഹമാണ് തന്നെ ശാസ്ത്രജ്ഞയാക്കിയതെന്ന് നൊബേൽ സമ്മാന ജേതാവ് പ്രൊഫ. അദ ഇ. യോനാത്. കോട്ടയം പ്രസ്‌ക്ലബും മഹാത്മാഗാന്ധി സർവകലാശാലയും ചേർന്ന് പ്രസ്‌ക്ലബിൽ നടത്തിയ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
ജിജ്ഞാസയാണ് ശാസ്ത്രജ്ഞരെ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത്. എന്നിലുള്ള ജിജ്ഞാസയാണ് കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാൻ പ്രചോദനമേകിയത്. റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മാഡം ക്യൂറി എറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ പറഞ്ഞു. രസതന്ത്രത്തിൽ ഇതുവരെ അഞ്ചുപേർക്കാണ് നോബൽ സമ്മാനം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സ്ത്രീകളോട് വേർതിരിവുള്ളതായി തോന്നിയിട്ടുണ്ടോയെന്ന വിദ്യാർഥിയുടെ ചോദ്യത്തിന് നൊബേൽ കമ്മിറ്റി സ്ത്രീകൾ വേണ്ടെന്ന നിലപാടുള്ളവരല്ലെന്ന് അദ പറഞ്ഞു. സ്ത്രീകൾ ഗവേഷണ പ്രവർത്തനങ്ങളിലുണ്ട്. ചിലർ ആദരിക്കപ്പെടുന്നു എന്നാൽ ചിലർ അംഗീകരിക്കപ്പെടുന്നില്ല. അത് പലകാരണങ്ങളാലാകാം. മനസിലുള്ളത് മുഴുവൻ ഒരു പ്രബന്ധം തയാറാക്കുമ്പോൾ തനിക്ക് എഴുതാൻ കഴിയാതെ പോകുന്നുണ്ട്. അതുപോലെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കാൻ കഴിയാതെ വരുന്നുണ്ടാകാമെന്നും അവർ പറഞ്ഞു. എന്നെക്കാൾ മികച്ച ശാസ്ത്രജ്ഞരുണ്ട്. അവർ ശ്രദ്ധിക്കപ്പെടുന്നില്ലായിരിക്കാമെന്നും അവര്‍ പറഞ്ഞു.
ഇസ്രയേലിലെ ആഭ്യന്തരസംഘർഷങ്ങൾ ഗവേഷണത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് താൻ ഗവേഷണപ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതിനാൽ മറ്റൊന്നും ബാധിച്ചില്ലെന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി. ഇസ്രയേലിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. റൈബസോമുകളുമായും പ്രോട്ടീനുകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും അദ മറുപടി നൽകി.
ശാസ്ത്രത്തോട് വളരെയേറെ ആഭിമുഖ്യവും സമർപ്പണവും പുലർത്തുന്ന സ്‌നേഹനിർഭരമായ നാടാണ് കേരളമെന്ന് അദ സൂചിപ്പിച്ചു. മുമ്പ് രണ്ടു തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വിദ്യാർഥികളും മാധ്യമപ്രവർത്തകരുമായി ഒരു മണിക്കൂറോളം സംവദിച്ച അദ വിദ്യാർഥികളോട് പ്രോട്ടീനുകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു.
പ്രസ്‌ക്ലബിനു വേണ്ടി പ്രസിഡന്‍റ് സാനു ജോർജ്ജ് തോമസ് അദ യോനാതിന് ഉപഹാരം നൽകി. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രസ്‌ക്ലബ് സെക്രട്ടറി സനിൽ കുമാർ, സിൻഡിക്കേറ്റംഗം ഡോ. ആർ. പ്രഗാഷ്, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.