29 January, 2019 06:14:14 PM
തനിക്ക് സമ്മാനമായി ലഭിച്ച സ്വര്‍ണ്ണമാല റാങ്ക് ജേതാവിനെ അണിയിച്ച ജോര്‍ജ് തോമസ് വിസ്മയമായി
കോട്ടയം: വിഷ്ണു റാങ്ക് കരസ്ഥമാക്കിയപ്പോള്‍ പവന്‍ ലഭിച്ചത് ജോര്‍ജിന്. എന്നാല്‍ തനിക്ക് ലഭിച്ച സമ്മാനം വിഷ്ണുവിനെ അണിയിച്ച ജോര്‍ജിന്‍റെ നടപടി ഏവരെയും വിസ്മയിപ്പിച്ചു. ജെഇഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിനെ മാലയണിയിച്ചത് എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശനപരീക്ഷകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന പാലാ ബ്രില്യന്‍റിന്‍റെ സാരഥി ജോര്‍ജ് തോമസ്. മാന്നാനം കെ.ഈ. സ്കൂളില്‍ നടന്ന നിറച്ചാര്‍ത്ത് 2019 കലാസന്ധ്യയ്ക്കിടെയായിരുന്നു രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും ഹര്‍ഷപുളകിതരാക്കി ജോര്‍ജ് വിഷ്ണുവിന് സമ്മാനം നല്‍കിയത്.
ദേശീയതലത്തില്‍ നടക്കുന്ന ജെഇഇ (ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം) മെയിന്‍ പരീക്ഷയില്‍ 99.99 % മാര്‍ക്കോടെയാണ് മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിഷ്ണു വിനോദ് സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ബ്രില്യന്‍റുമായി കൈകോര്‍ത്തതിലൂടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെ.ഇ സ്കൂളിലേക്ക് റാങ്കുകളുടെ പ്രവാഹമാണ്. കേരളത്തില്‍ നിന്ന് ആകെ 130 പേര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ ഇവരില്‍ 90 ശതമാനം മാര്‍ക്കിന് മുകളിലുള്ള 22 പേരും മാന്നാനം കെ.ഇ.സ്കൂളില്‍ നിന്നായിരുന്നു. പരീക്ഷാഫലം പുറത്തുവന്ന പിന്നാലെ കെ.ഇ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശേരിക്കും ബ്രില്യന്‍റ് ഡയറക്ടര്‍ ജോര്‍ജ് തോമസിനും അഭിനന്ദനങ്ങളുടെ പ്രവാഹമായി. പാലായിലെ സുഹൃത്തുക്കള്‍ ഒരു പവന്‍റെ മാല സമ്മാനമായി ജോര്‍ജിനെ അണിയിക്കുകയും ചെയ്തു.
സുഹൃത്തുക്കള്‍ നല്‍കിയ സ്നേഹോപകാരത്തിന് താനല്ല യഥാര്‍ത്ഥ അവകാശി എന്ന നിലപാടിലായിരുന്നു ജോര്‍ജ് തോമസ്. പിന്നാലെയാണ് മാന്നാനം കെ.ഇ സ്കൂളില്‍ നടന്ന നിറച്ചാര്‍ത്ത് കലാസന്ധ്യയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ജോര്‍ജ് പങ്കെടുക്കുന്നത്. വിഷ്ണുവിനെ ആദരിക്കുക കൂടി ചെയ്ത യോഗത്തില്‍ താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഫാ.ജയിംസിനോട് ജോര്‍ജ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ എന്താണ് സമ്മാനമെന്ന് പറഞ്ഞിരുന്നില്ല. വേദിയിലും സദസിലും ഉണ്ടായിരുന്നവരെ ഒരുപോലെ ഞെട്ടിച്ചാണ് തന്‍റെ പോക്കറ്റില്‍ നിന്നും ജോര്‍ജ് മാലയെടുത്ത് വിഷ്ണുവിനെ അണിയിച്ചത്. ഇതിന് സാക്ഷ്യം വഹിച്ച വിഷ്ണുവിന്‍റെ മാതാപിതാക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു.