24 January, 2019 02:24:12 PM
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വേണം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണം. അതിന് ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ എന്നാകും പേര്.
ഒന്ന് മുതല്‍ ഏഴു വരെ ഒരു സ്ട്രീമും. എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീമുമാകും. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്‍റെ പരിധിയില്‍ കൊണ്ടുവരാനാണ് ശുപാര്‍ശ. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സില്‍ അധ്യാപക യോഗ്യത ബിരുദവും ബി എഡും. എട്ടു മുതല്‍ 12 വരെ പി ജി യും ബി എഡും വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് എംഎ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.