07 February, 2016 02:58:01 PM
മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപരീക്ഷ ; ശിപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു
ദില്ലി : മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ, ന്യുനപക്ഷ സ്ഥാപനങ്ങളിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള പരീക്ഷാ നടത്തിപ്പ് അധികാരം ഇതോടെ മെഡിക്കല്‍ കൗണ്‍സിലിനായിരിക്കും. ഇതു വ്യക്തമാക്കി ഇന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ ഭേദഗതി വരുത്തി കൗണ്‍സില്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ഒപ്പുവയ്ക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും കാബിനറ്റ് കുറിപ്പിന്റെ കരടും ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്. രാജ്യത്ത് ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. ഇതോടെ സ്വകാര്യ കോളജുകളുടെയും ഡീംഡ് യൂണിവേഴ്‌സിറ്റികളുടെയും ബിരുദ, ബിരുദാനന്തര പരീക്ഷാ നടത്തിപ്പ് മെഡിക്കല്‍ കൗണ്‍സിലിന്റെ അധികാരപരിധിയിലായിരിക്കും. ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റ് പോലെ എല്ലാ പൊതുപരീക്ഷകള്‍ക്കും ഒരുമിച്ച് വിജ്ഞാപണം ഇറക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുന്‍പും ഇത്തരമൊരു ശ്രമം മെഡിക്കല്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ഏതാനും സംസ്ഥാനങ്ങളും ന്യൂനപക്ഷ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2013ലെ നീറ്റ് പരീക്ഷ ചോദ്യം ചെയ്ത് 80 ഓളം ഹര്‍ജികളാണ് പരമോന്നത കോടതിയില്‍ എത്തിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അധികാരം കോടതി ചോദ്യം ചെയ്തതോടെയാണ് നിയമ ഭേദഗതി നടത്തി അധികാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.