04 February, 2016 01:15:10 PM


പി.എസ്.സി വിവരാവകാശത്തിന്‍റെ പരിധിയില്‍ : സുപ്രീം കോടതി



ദില്ലി :  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെ.പി.എസ്.സി) വിവരാവകാശ നിയമത്തിന്‍റെ പരിധിയിലെന്ന് സുപ്രീം കോടതി. നിമത്തിന്‍റെ പരിധിയിലല്ലെന്ന് കാണിച്ച് പി.എസ്.സി ഹാജരാക്കിയ അപ്പീലിലായിരുന്നു ഉത്തരവ്. 2011 ലെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വയ്ക്കുകയും എന്നാല്‍ സുപ്രീം കോടതി നടത്തുന്ന പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നവരുടെ പേര് വെളിപ്പെടു്ത്താന്‍ പാടില്ലെന്നും ജസ്റ്റിസ് എം.വൈ ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

രണ്ട് വാദങ്ങളായിരുന്നു 2011 ലെ ഹൈക്കോടതി വിധിക്കെതിരെ പി.എസ്.സി സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍, നിയമനം അടക്കമുള്ള നടത്തിപ്പ് എന്നിവയുടെ രഹസ്യ സ്വഭാവത്തെയും ജീവനക്കാരുടെ ജോലിഭാരം, പുതിയ തസ്തികകള്‍ രൂപീകരിക്കുന്നതിലെ പണച്ചെലവ് എന്നിവയെ വിവരാവകാശ നിയമം പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. 

ഉത്തരക്കടലാസ് പരിശോധകരുടെ പേര് നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന പി.എസ്.സിയുടെ ഒരു വാദം മാത്രമേ സുപ്രീം കോടതി അംഗീകരിച്ചുള്ളു. ഉത്തരക്കടലാസ് പരിശോധകരുടെ പേരൊഴിച്ച് മുഴുവന്‍ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് കൈമാറണമെന്നു ഇത് പി.എസ്.സിയുടെ സുതാര്യതയ്ക്ക് ആവശ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവരാവകാശ നിയമം ബാധകമാണെന്നും നിയമം പാലിക്കുന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത വര്‍ധിക്കുമെന്നും ഇത് പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K