01 September, 2017 08:45:01 PM
എംബിബിഎസ് സ്പോട്ട് അഡ്മിഷൻ പൂർത്തിയായി; പ്രവേശനം ലഭിച്ചത് 1088 പേര്‍ക്ക്
തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടു നിന്ന മാരത്തണ്‍ പ്രവേശന നടപടികൾക്കൊടുവിൽ എംബിബിഎസിനായുള്ള സ്പോട്ട് അഡ്മിഷൻ പൂർത്തിയായി. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പുറപ്പെടുവിച്ച കണക്കുനുസരിച്ച് എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്ക് ആകെ ഒഴിവുണ്ടായിരുന്ന 1714 സീറ്റിൽ രണ്ടു ദിവസമായി നടന്ന സ്പോട്ട് അഡ്മിഷനിലൂടെ 1088 വിദ്യാർഥികൾക്ക് പ്രവേശനം നല്കി.
എൻആർഐ ക്വാട്ടയിൽ അലോട്ട്മെന്റ് രേഖകൾ ഹാജരാക്കാത്തിനെ തുടർന്ന് 117 എൻആർഐ സീറ്റുകൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി അലോട്ട്മെന്റ് നടത്തി. കഴിഞ്ഞ 30 ന് ആരംഭിച്ച സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് പൂർത്തിയായത്.
എംബിബിഎസിന് ഇനി സീറ്റുകൾ ഒന്നും ബാക്കിയില്ലെന്നും എല്ലാ സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയാക്കിയതായും പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി. സ്പോട്ട് അഡ്മിഷൻ നടപടികൾക്കായി 8000 ലധികം വിദ്യാർഥികളാണ് രണ്ടു ദിവസമായി പ്രവേശനം പ്രതീക്ഷിച്ച് മെഡിക്കൽ കോളജിൽ എത്തിച്ചേർന്നത്.