08 August, 2017 12:22:04 PM
സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ദില്ലി: രാജ്യത്തെ മുഴുവൻ സ്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും അതത് സർക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എം.ബി. ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇക്കാര്യത്തിൽ തീരുമാനം പറയാൻ കോടതിക്ക് ആവില്ലെന്നും ഇത് കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും വ്യക്തമാക്കിയ കോടതി എങ്ങനെയാണ് കോടതിക്ക് ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കാനാവുകയെന്നും ചോദിച്ചു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ യോഗ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.