17 May, 2017 08:25:39 PM


പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടി പരിശീലന പരിപാടി 22ന്

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടി 'വിശദമായ റോഡ് പദ്ധതി രേഖ തയാറാക്കലും സാമ്പത്തിക അവലോകനവും' എന്ന വിഷയത്തില്‍ മേയ് 22 മുതല്‍ 26 വരെ പരിശീലന പരിപാടി സംഘടിപ്പിക്കും. 22ന് രാവിലെ 9.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ കാര്യവട്ടം ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ റോഡുകളുടേയും പാലങ്ങളുടേയും ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍ അധ്യക്ഷത വഹിക്കും. രൂപകല്‍പനയും പൊതുഭരണവും വിഭാഗം ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മ സ്വാഗതം പറയും. പുതിയകാലത്തിന്റെയും നിര്‍മാണത്തിന്റെയും ചുക്കാന്‍ പിടിക്കുന്ന വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് വിശദമായ പദ്ധതിരേഖ തയാറാക്കലിനെ കുറിച്ചും സാമ്പത്തിക അവലോകനത്തെക്കുറിച്ചും പരിശീലനത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് ഹൈവേ എഞ്ചിനീയേഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. കൂടാതെ, കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മിതി, വിവിധയിനം നിര്‍മാണവസ്തുക്കളും രീതികളും ഉള്‍പ്പെടെയുള്ള പരിചയപ്പെടുത്തലും പരിപാടിയുടെ ഭാഗമായുണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K