09 December, 2016 05:14:39 PM
അഴിമതി വിരുദ്ധ സദ്ഭരണ പരിശീലനം നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ അഴിമതി വിരുദ്ധരാക്കാന്‍ പുതുതായി സര്‍ക്കാര്‍ സര്‍വീസിലേക്കെത്തുന്ന എല്ലാവര്‍ക്കും ഒരാഴ്ചത്തെ അഴിമതിവിരുദ്ധ സദ്ഭരണത്തിനുള്ള പരിശീലനം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കേ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.വിജിലന്‍സ് യൂണിറ്റുകളിലെ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് വിങ്ങുകളില്‍ ഫെബ്രുവരിയോടെ പരിശീലനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി വെളിച്ചത്തുകൊണ്ടുവരാനായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തയ്യാറാക്കിയ എറൈസിങ് കേരള, വിസില്‍ നൗ എന്നീ രണ്ട് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഇവ ഏറെ ഉപകാരപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതി വെളിച്ചത്തുകൊണ്ടുവരാനായി പ്രയത്‌നിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസില്‍ ബ്ലോവര്‍ അവാര്‍ഡ് അഴിമതിക്കെതിരായി നാം നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്റെ ഭാഗമായി കാണണം.
അഴിമതി വിമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നത്. അഴിമതി നടന്നതിനുശേഷം അന്വേഷിക്കുക എന്ന പരമ്പരാഗത രീതിക്കു പകരം അഴിമതിക്ക് അവസരം നല്‍കാതെ അഴിമതിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്ന നൂതന രീതി അവലംബിച്ച് ക്രിയേറ്റീവ് വിജിലന്‍സ് എന്ന സങ്കല്‍പമാണ് നാം പിന്തുടരുന്നത്. പരാതി ലഭിച്ചാല്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയുണ്ട്. വിജിലന്‍സിനു ലഭിക്കുന്ന പരാതികള്‍ യൂണിറ്റ് ഓഫീസുകളില്‍ അഞ്ചു ഘട്ടങ്ങളിലായുള്ള പരിശോധന നടത്തിയശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്. അന്വേഷണം ആരംഭിച്ചാല്‍ ഉടനെ അനാവശ്യ പ്രചരണം നടത്തി അന്വേഷണവിധേയരെ ക്രൂശിക്കുന്നത് അനീതിയാണ്. അന്വേഷണ വിധേയമായി കുറ്റം തെളിഞ്ഞ ശേഷമാണ് വലിയ പ്രചരണം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ അവകാശം പോലെയാണ് അഴിമതിയെ കാണുന്നത്. സാധാരണ ജനങ്ങള്‍ ജീവിതം ദു:സഹമാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ കൊടുക്കുന്ന പരാതികള്‍ പരിഹരിക്കാതെ അനാവശ്യ തടസവാദങ്ങള്‍ ഉയര്‍ത്തുന്ന ഉദ്യോഗസ്ഥരെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജന പക്ഷപാതത്തിനും അരങ്ങൊരുക്കുന്ന പൊതുപ്രവര്‍ത്തകരെയും കണ്ടെത്തുന്നതിന് കണ്‍കറന്റ് വിജിലന്‍സ് പ്രോഗ്രാം നല്ലരീതിയില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിയണം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അഴിമതി വിരുദ്ധതയിലൂന്നിയ വിദ്യാഭ്യാസമൂല്യങ്ങള്‍ നടപ്പിലാക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനങ്ങളിലും കോഴ വാങ്ങുന്ന പ്രവണതയില്ലാതാക്കാന്‍ എഡ്യൂ വിജില്‍ എന്ന പദ്ധതി സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇനിയുമേറെ നാം മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി സംബന്ധമായ വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിവ അപ് ലോഡ് ചെയ്യുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതിനും എറൈസിങ് കേരള, വിസില്‍ നൗ എന്നീ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ സാധാരണക്കാര്‍ക്കുപോലും പ്രയോജനപ്പെടുമെന്നും അഴിമതിക്കെതിരെ നിലകൊള്ളുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര-വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആസൂത്രണ-സാമ്പത്തിക കാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍ ഡോ.എസ്.സി. ജോഷി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അഡീഷണല്‍ ഡിജിപി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.4751/16