25 November, 2026 09:12:42 AM
കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ചു; 7 പേർ അറസ്റ്റിൽ

കോട്ടയം: ഇന്നലെ വെളുപ്പിന് കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിനിടെ സംഘർഷമുണ്ടാക്കിയവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഏഴുപേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ക്ഷേത്രത്തിലെ തിരുവുത്സവത്തിനിടെ ചിലർ സംഘർഷമുണ്ടാക്കിയത് നിയന്ത്രിക്കാനും അവരെ പിന്തിരിപ്പിച്ച് അയയ്ക്കാനും ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥൻ നൽകിയ നിയമാനുസൃത നിർദ്ദേശങ്ങൾ പ്രതികൾ അവഗണിക്കുകയും ഉദ്യോഗസ്ഥനെ ദേഹോപദ്രവമേൽപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഭിഷേക് രാധാകൃഷ്ണൻ (മുടിയൂർക്കര), അതുൽ പി.എസ്.(കുമാരനല്ലൂർ), അഭിജിത് വി. നായർ (നട്ടാശ്ശേരി), അഭിറാം അജിത്ത് (മുടിയൂർക്കര), അർജുൻ അജീഷ് (അമ്പലക്കവല, ആർപ്പൂക്കര), മിഥുൻ (ആർപ്പൂക്കര), ഗിരിപ്രണവ് രാജൻ (നട്ടാശ്ശേരി) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഏഴുപേരെയും 24.11.2026-ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-II-ൽ ഹാജരാക്കി. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




