08 November, 2026 11:21:31 AM
സിഐടിയു സംസ്ഥാന സമ്മേളനം: നാളെ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: CITUവിന്റെ പതിനാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാളെ (നവംബർ 9) കോട്ടയം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഉച്ചകഴിഞ്ഞ് 2 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നഗരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹനയാത്ര ഉറപ്പാക്കുന്നതിനുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം അനുവദിക്കില്ല.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങൾ:
- ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എം.സി. റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസ് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.
- നാട്ടകം ഭാഗത്തുനിന്ന് എം.സി. റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
- മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
- കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
- ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
- ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
- ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജംഗ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
- തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
- മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽനിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴി പോകണം.
- കെ.കെ. റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
- കെ.കെ. റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ വഴി തിരികെ പോകണം.
- പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.
യാത്രക്കാർ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശിച്ചിരിക്കുന്ന വഴികൾ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.




