07 November, 2026 08:34:49 PM


ഭാവിയിലെ കോട്ടയം: ആസൂത്രണ ബോര്‍ഡിനു മുന്നില്‍ തുറന്നത് ആശയങ്ങളുടെ കലവറ



കോട്ടയം: ഭാവിയിലെ കോട്ടയം ജില്ല എങ്ങനെയായിരിക്കണം?. വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ചെയ്യണ്ടത് എന്തൊക്കെ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിനു മുന്നില്‍ തുറന്നത് ആശയങ്ങളുടെ കലവറ.  പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ മേഖലകളുടെ പ്രതിനിധികളുമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന മുഖാമുഖത്തിലാണ് ജില്ലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള നിരവധി ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കപ്പെട്ടത്.

കൃഷി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, നഗരവികസനം, വയോജനക്ഷേമം, സംരംഭകത്വ വികസനം, ശാസ്ത്ര ഗവേഷണം, ആരോഗ്യം, സ്‌പോര്‍ട്‌സ്,  സാമൂഹ്യക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍  ഭാവി വികസനത്തിനുള്ള സാധ്യതകള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു.

വെറുതേ പഠിക്കുന്നതിനപ്പുറം കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ പഠനം വിദ്യാര്‍ഥികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് മുഖാമുഖത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. 

ശാസ്ത്ര സാങ്കേതിക, കാര്‍ഷിക മേഖലയില്‍ ജില്ലയില്‍ നടക്കുന്ന ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടിയുണ്ടാകണം.   മഴക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും നേരിടുന്ന വെള്ളപ്പൊക്കെ ഭീഷണിയെ അതിജീവിക്കാന്‍ മാലിന്യ നിര്‍മാജ്ജനവും ജലാശയങ്ങളുടെ ആഴം കൂട്ടുന്ന നടപടികളും ത്വരിതപ്പെടുത്തണം. യുവജനങ്ങളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്താനും കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കാനും പദ്ധതികളുണ്ടാകണം.

ജില്ലയിലെ ടൂറിസം മേഖലയുടെ വികസനത്തിന് ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാക്കണം. ഏറ്റെടുക്കാന്‍ ആളുകളില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തിലോ പൊതുമേഖലാ തലത്തിലോ  അനാഥാലയങ്ങള്‍ തുടങ്ങണമെന്ന നിര്‍ദേശവും പരിപാടിയിലുയര്‍ന്നു. 

പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പറഞ്ഞു.  റബര്‍ കൃഷിയുടെ വികസനത്തിനും കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള വിശദ പഠനത്തിനുമുള്ള സാധ്യത പ്ലാനിംഗ് ബോര്‍ഡ് പരിശോധിക്കണമെന്ന്  ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നിര്‍ദേശിച്ചു.   

അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. ഡി. മാവൂതു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി. വിജയരാഘവന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍,  വരുണ്‍ സന്തോഷ്, ഡോ. പി.പി. ബാലന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, റബര്‍ കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷീല തോമസ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഫാ. ഏബ്രഹാം മുളമൂട്ടില്‍, കോട്ടയം പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഏബ്രഹാം വര്‍ഗീസ്, രാഷ്ട്രദീപിക  മാനേജിംഗ് ഡയറക്ടര്‍ മൈക്കിള്‍ വെട്ടിക്കാട്ട്, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ കെ. ടോണി ജോസ്,  ഡോ. കെ.ജി പത്മകുമാര്‍, പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വട്ടപ്പള്ളില്‍, പി.യു തോമസ്, പ്ലാനിംഗ് ബോര്‍ഡ് ഇവാല്യൂവേഷന്‍ ഡിവിഷന്‍ മേധാവി ഡോ. എ.എസ്. സുനിത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് തുടങ്ങിയര്‍ സംസാരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295