10 November, 2026 07:52:01 PM
കോട്ടയം ജില്ലയിലെ കുടിവെള്ള വിതരണം; തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കും

കോട്ടയം: ജില്ലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗം കുടിവെള്ള വിതരണവുമായും ജലജീവൻ മിഷനുമായും ബന്ധപ്പെട്ട് ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലെയും നിലവിലെ സ്ഥിതി വിലയിരുത്തി.
ജൽജീവൻ മിഷന്റെ ഭാഗമായി നിലവിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എം.എൽഎമാരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും യോഗത്തിൽ അറിയിച്ചു. പദ്ധതിയുടെ പേരിൽ റോഡുകൾ മുറിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികളെ ഗൗരവത്തിലെടുത്ത് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലജീവൻ മിഷൻ നിർവഹണത്തിനായി കേന്ദ്ര സർക്കാർ നീട്ടിനൽകിയ സമയപരിധിക്കുള്ളിൽതന്നെ ജില്ലയിലെ എല്ലാ പദ്ധതികളും പൂർത്തികരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ-ഭവനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.




