12 November, 2026 09:43:28 AM


ഓപ്പറേഷൻ സൈ ഹണ്ട്: കോട്ടയത്ത് 10 സ്റ്റേഷനുകളിലായി 11 കേസുകൾ, 14 പേർ പ്രതികൾ



കോട്ടയം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെയും ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തും നടത്തുന്ന സംഘടിത സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ADGP സൈബർ ഓപ്പറേഷൻസ് ന്റെ നിർദ്ദേശാനുസരണം കോട്ടയം ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷൻ CY HUNT-ന്റെ ഭാഗമായി ജില്ലയിൽ 10 പോലീസ് സ്റ്റേഷൻ പരിധികളിലായി 11 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 14 പേരെ പ്രതിചേർത്തിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനുകൾ:

ഗാന്ധിനഗർ, ചിങ്ങവനം, തൃക്കൊടിത്താനം, കറുകച്ചാൽ, എരുമേലി, പൊൻകുന്നം, മണർകാട്, വൈക്കം, വെള്ളൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളാണുള്ളത്.

കുറ്റകൃത്യങ്ങളുടെ സ്വഭാവം:

രജിസ്റ്റർ ചെയ്ത 11 കേസുകളും സംഘടിത സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

- 9 കേസുകൾ: വ്യക്തികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കുകയും കൈമാറുകയും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവങ്ങൾ.
- 2 കേസുകൾ: കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയ സംഭവങ്ങൾ.

സോഷ്യൽ മീഡിയ വഴി ബാങ്ക് അക്കൗണ്ടുകളുടെ സിബിൽ സ്കോർ വർധിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജ ലിങ്കുകൾ ഉപയോഗിച്ചും നടത്തുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകൾ വഴിയും പണം കൈമാറിയിട്ടുണ്ട്.
ചില പ്രതികൾക്ക് നിയമാനുസൃത നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ചില പ്രതികളെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എരുമേലി പോലീസ് നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, ചെക്ക് ലീഫ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിച്ച് കൈമാറുന്നതും ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K