07 November, 2026 08:27:47 PM
ലക്ഷ്യം 28 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥ- ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ

കോട്ടയം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നിലവിൽ 16 ലക്ഷം കോടി രൂപയുടേതാണെന്നും അടുത്ത അഞ്ചുവർഷം കൊണ്ട് 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണയോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവിലെ അഞ്ചു ശതമാനം സാമ്പത്തിക വളർച്ചാനിരക്ക് ഏഴു ശതമാനമായി ഉയർത്തണം. പതിനഞ്ചാം പദ്ധതി അടുത്ത അഞ്ചു വർഷത്തെ വികസനത്തിൽ ഒതുങ്ങുന്നതല്ല. 20 വർഷത്തെ കേരളത്തിന്റെ വികസനം മുന്നിൽക്കണ്ടുള്ള ദീർഘകാല കാഴ്ചപ്പാടാണ്. 20 വർഷം കൊണ്ട് സംസ്ഥാനത്തെ 134 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥയാക്കണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവാസികളുടെയും സ്വകാര്യ സംരംഭകരുടെയും പങ്കാളിത്തം അനിവാര്യമാണ്.
ആദ്യമായാണ് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലെയും പ്രശ്നങ്ങളും വികസന സാധ്യതകളും നേരിട്ട് മനസ്സിലാക്കുകയാണു ലക്ഷ്യം. ഇതിനകം എട്ടു ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കി.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. എന്നാൽ ഇതോടൊപ്പം വലിയ വികസനസാധ്യതകളുമുണ്ട്. ബാങ്ക് നിക്ഷേപം ഏകദേശം 11 ലക്ഷം കോടി രൂപയാണ്. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയോളം പ്രവാസികളുടെ പണമയയ്ക്കലിലൂടെ സംസ്ഥാനത്തെത്തുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളും യുവജനങ്ങളുടെ കഴിവുകളും വലിയ സമ്പത്താണ്. ഈ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
സർക്കാരിന്റെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ മാത്രം വി നിയോഗിച്ച് ആവശ്യമായ വികസനം കൈവരിക്കാനാവില്ല. അതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നൽകാനാണ് ആസൂത്രണ ബോർഡ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, പ്രവാസി മലയാളികൾ, സ്വകാര്യ സംരംഭകർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവരെല്ലാം ഈ വികസന പങ്കാളിത്തത്തിന്റെ ഭാഗമാകണം.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽനിന്നും പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇതിനായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനരീതിയിലും ഘടനയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ഓരോ ജില്ലയുടെയും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആസൂത്രണ ബോർഡിലെ ഡിവിഷൻ മേധാവികൾക്ക് ജില്ലാ ചീഫുമാരുടെ ചുമതല നൽകിയിട്ടുണ്ട്. ഇവർ ജില്ലകളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എംഎൽഎമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന മണ്ഡലതല വികസന പരിപാടി തുടങ്ങാനാവണം. ഓരോ നിയമസഭാ മണ്ഡലത്തിലെയും വികസന സാധ്യതകൾ കണ്ടെത്തി അവയെ ഏകോപിപ്പിച്ചുള്ള പദ്ധതികൾ തയാറാക്കണം. ഓരോ പ്രദേശത്തും നിക്ഷേപത്തിന് താൽപ്പര്യമുള്ള വ്യക്തികളെയും പ്രവാസികളെയും തിരിച്ചറിയാൻ തദ്ദേശജനപ്രതിനിധികൾക്ക് സാധിക്കും.
ഓരോ വികസന പ്രവർത്തനവും വ്യക്തമായ പദ്ധതിയായി തയാറാക്കണം. പദ്ധതിയുടെ ലക്ഷ്യം, പൂർത്തീകരണത്തിനുള്ള സമയപരിധി, ലഭിക്കേണ്ട ഫലം, നിർവഹണത്തിന്റെ ഉത്തരവാദിത്വം, പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്കായി സ്മാർട്ട് മാതൃകയാണ് സ്വീകരിക്കുന്നത്.
പദ്ധതി രൂപീകരണത്തിനും നിർവഹണത്തിനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവയുടെ സാങ്കേതിക സഹായം തേടുന്നുണ്ട്. നിലവിലെ പ്ലാൻ സ്പേസ് സോഫ്റ്റ് വെയർ കൂടുതൽ വികസിപ്പിച്ച് പദ്ധതികളുടെ ആസൂത്രണവും നിരീക്ഷണവും കാര്യക്ഷമമാക്കും.
തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനും ആസൂത്രണ ബോർഡ് ഒരു വിവര-സഹായ കേന്ദ്രമായി പ്രവർത്തിക്കും. വിവിധ പഞ്ചായത്തുകളിലെ പദ്ധതികൾ സംയോജിപ്പിച്ച് വലിയ വികസന പദ്ധതികൾ രൂപീകരിക്കാനും ഇതിലൂടെ സാധിക്കും.
തൊഴിലില്ലായ്മ കുറയ്ക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക ഉൽപ്പാദനം വർധിപ്പിക്കുക, പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകണം.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തുമ്പോൾ ഫണ്ട് എത്രത്തോളം ചെലവഴിച്ചു എന്നതിലുപരി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, എത്രത്തോളം കാർഷിക ഉൽപ്പാദനം വർധിപ്പിച്ചു, എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചു തുടങ്ങിയ ഫലസൂചകങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കെ.എം. ചന്ദ്രശേഖരൻ പറഞ്ഞു.




