08 November, 2026 12:18:13 PM


കോണത്താറ്റ് പാലത്തിന്റെ സമീപനപാത നിർമ്മാണം: നാളെ മുതൽ ഗതാഗത നിയന്ത്രണവും അറ്റകുറ്റപ്പണികളും



കുമരകം: കുമരകം കോണത്താറ്റ് പാലത്തിന്റെ സമീപനപാത ഒരു അടി താഴ്ന്നതിനെത്തുടർന്ന് അപകടാവസ്ഥയിലായ ഭാഗത്തെ അറ്റകുറ്റപ്പണികൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെയും മറ്റനാളും രാവിലെ 7 മുതൽ ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ടാറും യന്ത്രങ്ങളും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇതിനോടകം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പാലത്തിന്റെ കിഴക്കേക്കരയിലെ സമീപനപാത താഴ്ന്നത് കാരണം ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടം നിറഞ്ഞതായിരുന്നു. തുടർന്നാണ് ഉയർന്ന ടാറിങ് നടത്താൻ തീരുമാനിച്ചത്. ഈ സമീപനപാത നിർമ്മിച്ചിരുന്നത് സ്റ്റോൺ കോളം ചെയ്ത് മണ്ണ് ബലപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാൽ സ്റ്റോൺ കോളം ചെയ്ത ഭാഗം താഴ്ന്നുപോവുകയും, ഈ ഭാഗത്തെ കൽകെട്ടിന് പൊട്ടൽ വീഴുകയും ചെയ്തു. മണ്ണിലെ 'എൻ വാ ലൂ' (മണ്ണിന്റെ കാഠിന്യവും ഭാരവും ചുമക്കാനുള്ള ശേഷി) കുറവായതിനാൽ പാലത്തിന്റെ ഇരുവശത്തും 12.5 മീറ്റർ ലാൻഡ് സ്പാൻ പണിതിരുന്നു. കനത്തിൽ പേവർ ബ്ലോക്ക് ഇടണമെന്നായിരുന്നു നിർദ്ദേശമെങ്കിലും ഇത് അവഗണിച്ചതാണ് പാത താഴ്ന്നുപോകാൻ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ഈ സമീപപാത 54 സെൻ്റിമീറ്റർ വരെ താഴ്ന്നുപോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. നിലവിൽ ഈ താഴ്ച ഒഴിവാക്കുന്നതിനായി ഇരുവശത്തെയും 15 മീറ്റർ നീളത്തിൽ 100 എം.എം കനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291