26 October, 2026 11:00:34 AM


കോട്ടയം മെഡി കോളേജിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എം.എൽ.എ



കോട്ടയം : മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. 270 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വലിയ ക്രമക്കേടുകളും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്നും ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം മാസം തന്നെ കെട്ടിടം തകരാൻ തുടങ്ങിയത് ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയം വരും ദിവസങ്ങളിൽ നിയമസഭയിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി.

സർക്കാർ വക കെട്ടിടങ്ങളുടെ നിർമാണത്തിനും മറ്റ് പണികൾക്കുമാണ് പൊതുമരാമത്ത് വകുപ്പിൻ്റെ കെട്ടിട വിഭാഗം പ്രവർത്തിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ്, ദന്തൽ കോളേജ് ഉൾപ്പെടെയുള്ളവയ്ക്ക് മാത്രമായി പൊതുമരാമത്ത് വകുപ്പിൻ്റെ കെട്ടിട വിഭാഗത്തിൻ്റെ പ്രത്യേക സബ് ഡിവിഷൻ തന്നെ ഗാന്ധിനഗറിൽ പ്രവർത്തിച്ചുവരവെയാണ് ഇവരെ മാറ്റിനിർത്തി മറ്റ് സ്വകാര്യ ഏജൻസികൾക്ക് നിർമാണ ചുമതല നൽകി അധികൃതർ തട്ടിപ്പിന് കളമൊരുക്കിയതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തരത്തിൽ പണിത കെട്ടിടങ്ങൾ തകർന്ന ശേഷം അറ്റകുറ്റപണികൾക്കായി ആശുപത്രി അധികൃതർ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്. എന്നാൽ കെട്ടിടങ്ങളുടെ ഉറപ്പിനെകുറിച്ച് സംശയമുള്ളതിനാൽ  പൊതുമരാമത്ത് വകുപ്പ് നിർമാണം ഏറ്റെടുക്കാൻ സാധ്യതയില്ല എന്നാണറിയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933