10 October, 2026 09:15:44 AM


കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; പരിക്കേറ്റ വിദ്യാർഥിനി മരിച്ചു



കോട്ടയം: അമിത വേഗത്തിലെത്തിയ തണ്ടപ്ര എന്ന സ്വകാര്യ ബസ് കോട്ടയം ചന്തക്കവലയിലുണ്ടാക്കിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നട്ടാശേരി ഗാന്ധി സ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ അഞ്ജലി (18) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ജലി അടക്കം അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടിൽ ജയ (51), കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടിൽ എ.കെ സുനി (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

വാഹനം ഓടിച്ച ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജു , കണ്ടക്ടർ മലകുന്നം സ്വദേശി ഷാലു എന്നിവരെ വെസ്റ്റ് എസ് ഐ വി എസ് ഗിരീഷ് കസ്റ്റഡിയിൽ എടുത്തു. കോട്ടയത്ത് നിന്നും ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ട്രപ്ര ബസാണ് അപകടത്തിന് ഇടയാക്കിയത്. നാഗമ്പടം ഭാഗത്ത് നിന്നും കോട്ടയം ചന്തക്കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ബസ്. ഈ സമയം നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

ഫുട് പാത്തിലെ ഗ്രില്ലുകൾ ഇടിച്ച് തകർത്ത ബസ് യാത്രക്കാർക്ക് ഇടയിലേയ്ക്ക് ഇടിച്ച് കയറി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ അതി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

മനോരമ മുതൽ തന്നെ ബസ് അമിത വേഗത്തിലാണ് എത്തിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻഭാഗത്തെ ടയർ തേഞ്ഞു തീർന്നിരുന്നതാണെന്നും യാത്രക്കാർ ആരോപിച്ചു. അമിതവേഗത്തിന്റെ പേരിൽ മുൻപും തണ്ടപ്രാ' എന്ന സ്വകാര്യ ബസ് വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഡ്രൈവറെയും കണ്ടക്ടറെയും ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. മദ്യപിച്ചിട്ടുണ്ടോ എന്ന് അടക്കം കണ്ടെത്താനാണ് പരിശോധന നടത്തിയത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K