09 October, 2026 05:56:10 PM


നിർമലം - പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന് കോട്ടയം ജില്ലയിൽ തുടക്കം



കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ നിര്‍മാര്‍ജ്ജനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. ഇത് അതിജീവിക്കുന്നതിന് പൊതുജന പിന്തുണയും വ്യാപക ബോധവത്ക്കരണവും വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം - പുതുയുഗ ശുചിത്വ കേരളം കാന്പയിനിന്‍റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യനിർമാർജനത്തിൽ നിരവധി മാതൃകകൾ നമ്മുടെ മുന്നിലുണ്ട്.ഇവയുടെ സാധ്യത പ്രയോജനപ്പെടുത്തുന്ന തീവ്രയജ്ഞത്തിലൂടെ സന്പൂര്‍ണ മാലിന്യ മുക്ത ജില്ലയായി മാറി മാതൃകസൃഷ്ടിക്കാന്‍ കഴിയണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ കോട്ടയം നഗരസഭ  അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ആമുഖപ്രഭാഷണം നടത്തി.  

ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷൻ വി.പി. നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ​ഗ്രേസി കരിമ്പന്നൂർ, സാലി മാത്യു, കോട്ടയം നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ, നഗരസഭാംഗം ജോഫി മരിയ ജോൺ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ട്രീസ ജോസ്,ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 സംസ്ഥാനത്തെ 2031 മാർച്ചോടെ  സമ്പൂർണ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമലം - പുതുയുഗ ശുചിത്വ കേരളം കാന്പയിന്‍ നടപ്പാക്കുന്നത്. ഈ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ 2031ൽ അന്തരാഷ്ട്ര മാലിന്യമുക്ത ദിനമായ മാർച്ച് 30ന് പൂർത്തിയാകും. 2026 ഒക്‌ടോബർ രണ്ടുമുതൽ 2027 ഒക്‌ടോബർ രണ്ടുവരെയുള്ള ഹ്രസ്വകാലം, 2027 ഒക്‌ടോബർ രണ്ടുമുതൽ 2030 ജൂൺ അഞ്ചുവരെയുള്ള മധ്യകാലം, 2030 ജൂൺ അഞ്ചുമുതൽ 2031  മാർച്ച് 30 വരെയുള്ള ദീർഘകാലം എന്നിങ്ങനെ മൂന്നുഘട്ടങ്ങളായിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915