14 September, 2026 10:24:37 AM


അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ



കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അടച്ചിട്ട മുറിയില്‍ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍. ഭാവി മുൻനിർത്തി ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികളുടെ ആവശ്യമുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 16 പ്രതികള്‍ ഹർജി നൽകിയത്.

പ്രതികള്‍ കുറ്റവിമുക്തര്‍ ആക്കപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭാവി ജീവിതത്തിന് തീരാകളങ്കമാകുമെന്നും മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി മുറിയിലേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നി ലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു.

കേസില്‍ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297