01 September, 2026 04:56:52 PM


ഗുവാഹത്തിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു



ഗുവാഹത്തി: കനത്ത മഴയ്ക്കിടെ ഗുവാഹത്തിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നോൺമതി മേഖലയിലെ മാത്ത്ഘരിയയിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽപ്പെട്ട കുടുംബത്തിലെ 19കാരനായ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. 

നാഗേൻ രാജ്ബോങ്ഷി (44), ഭാര്യ സാനു രാജ്ബോങ്ഷി (38), 12കാരിയായ മകൾ മീന രാജ്ബോങ്ഷി എന്നിവരാണ് മരിച്ചത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചതോടെ കുടുംബാംഗങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. സംഭവസമയത്ത് കുടുംബം ഉറങ്ങുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 19കാരനായ മകൻ ബിപ്ലബ് രാജ്ബോങ്ഷിയെ ജീവനോടെ രക്ഷപ്പെടുത്തി. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി മുതൽ ഗുവാഹത്തിയിൽ തുടരുന്ന ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുന്നിൻമുകളിൽ നിന്നുള്ള മണ്ണ് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികളും പറഞ്ഞു. വർഷങ്ങളായി പ്രദേശത്ത് താമസിച്ചുവരുന്ന കുടുംബത്തിലെ പിതാവ് ദിവസവേതന തൊഴിലാളിയായിരുന്നുവെന്നും നാട്ടുകാർ അറിയിച്ചു. 

ഗുവാഹത്തിയിലെ വിവിധ താഴ്ന്ന പ്രദേശങ്ങൾ തുടർച്ചയായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായിരിക്കുകയാണ്. അംസിങ്, ആത്ഗാവ് മേഖലകളിലും സമാനമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ ഒരാൾ വീതം മരിച്ചതായി പ്രാഥമിക വിവരങ്ങളുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളുടെ വിലയിരുത്തലും തുടരുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307