17 September, 2026 10:08:09 AM


ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു



ഹൈദരാബാദ്: വിനായക ചതുര്‍ഥി ആഘോഷത്തിനിടെ ആറു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ഹൈദരാബാദിലെ പട്ടാഞ്ചേരു മേഖലയില്‍ ഗണേശ വിഗ്രഹം ജലാശയത്തില്‍ ഒഴുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിക്കുകയായിരുന്നു.  ഇന്നലെ വൈകിട്ട് 7 മണിക്കാണ് ദാരുണസംഭവം. മരിച്ചതെല്ലാം അനാഥാലയത്തിലെ കുട്ടികളാണ്. പത്താംക്ലാസ്സ്, ബിടെക്, പോളിടെക്‌നിക് വിദ്യാര്‍ത്ഥികളാണ് മരണമടഞ്ഞവര്‍. ചടങ്ങുകളുടെ ഭാഗമായി ഗണേശ വിഗ്രഹം നിമഞ്ജനത്തിന് എത്തിയതായിരുന്നു ഇവര്‍.

പട്ടാഞ്ചരുവിലെ നെരേടു ചെറുവിലാണ് ഗണേശ വിഗ്രഹം നിമജ്ജന ഘോഷയാത്ര നടന്നത്. തടാകത്തില്‍ ഇറങ്ങിയവര്‍ ആഴത്തിലേക്ക് അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ആഴം മനസ്സിലാക്കാന്‍ കഴിയാതെയാണ് കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയത്. ഒരു വിധ സുരക്ഷാ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നില്ല. ചടങ്ങിനായി മാനേജ്മെന്റ് ഔദ്യോഗിക അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന് സിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ വാര്‍ഡനെ അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940