07 September, 2026 02:04:06 PM
സ്ത്രീകളെ അധിക്ഷേപിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും- തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം സ്ത്രീകളാണെന്നും, അവര്‍ക്കെതിരായ അശ്ലീല പദപ്രയോഗങ്ങളോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് നിയമസഭയില്‍ സംസാരിക്കവേയാണ് വിജയിന്റെ പരാമര്‍ശം. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച വിജയ് സഭയില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല.
'അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ ആത്മപരിശോധന നടത്തണം. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ അവഹേളിച്ചാല്‍ ശക്തമായ നടപടിയെടുക്കും.' വിജയ് പറഞ്ഞു.
സംസ്ഥാന വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസിനെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജന്‍സിയായി മാത്രം കാണരുതെന്നും മുഖ്യമന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു. നിയമം പാലിക്കുന്നവര്‍ക്ക് പൊലീസ് സുഹൃത്തും അല്ലാത്തവര്‍ക്ക് ശത്രുവുമായിരിക്കും. പൊലീസിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇടപെടാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും വിജയ് വ്യക്തമാക്കി. തൃഷക്കെതിരായ പരാമര്‍ശത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.





