07 September, 2026 04:38:29 PM


ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന സംഭവം; ഉടമ അറസ്റ്റിൽ



ന്യൂഡൽഹി ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിന് പിന്നാലെയാണ് ഹരിറാമിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കണ്ടെത്തി പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്താൻ പൊലീസ് പത്ത് സംഘങ്ങളെ നിയോഗിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വ്യക്തമാക്കിയിരുന്നു.

വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു.'ഹോസ്റ്റൽ ഡേയ്സ്' (Hostel Daze) എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് (PG) താമസസ്ഥലമായാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം തകരുമ്പോൾ നിരവധി വിദ്യാർഥികൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുകൊണ്ട് എൻ.ഡി.ആർ.എഫ് (NDRF), ഡൽഹി പൊലീസ്, അഗ്നിശമന സേന, മറ്റ് ഏജൻസികൾ എന്നിവർ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.

സത്യനികേതനിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ഏഴോളം വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. 12 ഓളം ആളുകളെയാണ ഇതുവരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാനായത്. എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത് നാലുപേരാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917