31 August, 2026 05:00:42 PM


'കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു'; കർണാടകയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു



ബെളഗാവി : കർണാടകയിൽ പാർട്ടിക്കിടെ ചിക്കൻ കഴിച്ചതിനെചൊല്ലിയുള്ള നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശി സീതാറാമാണ് കൊല്ലപ്പെട്ടത്. കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെചൊല്ലി തുടങ്ങിയ തർക്കത്തിനൊടുവിലാണ് സീതാറാമിനെ സഹൃത്ത് കുത്തിക്കൊലപ്പെടുത്തിയത്. കൊലനടത്തിയ കബീർഗഞ്ച് സ്വദേശി അരുൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുദലഗി താലൂക്കിലെ ഹുനശ്യാൽ പിജി ഗ്രാമത്തിലാണ് സംഭവം. ഇരുവരും ബെളഗാവിയിലെ ഒരു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച തൊഴിലാളികൾ ചേർന്ന് നടത്തിയ പാർട്ടിക്കിടെയാണ് ചിക്കൻ കഷണങ്ങളെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായത്. തർക്കം പിന്നീട് രൂക്ഷമാവുകയും അരുൺകുമാർ സീതാറാമിനെ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ കുറ്റകൃത്യം മറച്ചുവെക്കാനും ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ സീതാറാമിനെ അരുൺ കുമാറാണ് സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിൽ നിന്ന് വീണാണ് സീതാറാമിന് പരിക്കേറ്റതെന്ന് അരുൺ ആശുപത്രിയിൽ പറഞ്ഞു . എന്നാൽ പൊലീസിന് സംശയം തോന്നുകയും, ചോദ്യം ചെയ്യലിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922