14 September, 2026 09:45:35 AM
മണിപ്പൂരില്‍ വീണ്ടും ആക്രമണം; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച നാഗാ ഭൂരിപക്ഷ മേഖലകളായ തമംഗ്ലോങ്, നോനി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടത്. ആറ് വയസുകാരന് വെടിയേൽക്കുകയും മറ്റൊരു സ്ത്രീയെ കാണാതാവുകയും ചെയ്തു.
തമംഗ്ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തിൽ പുലർച്ചെ നാലോടെയാണ് ആദ്യ ആക്രമണം നടന്നതെന്നാണ് കുക്കി-സോ സംഘടനകൾ പറയുന്നത്. സെയ്‌ന സിങ്സിറ്റും ഭാര്യ ലിൻസാങായിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്‌ന പിന്നീട് ആശുപത്രിയിൽ മരിച്ചു. ആറ് വയസുകാരനായ മകനും വെടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വെടിയുണ്ട കുടുങ്ങിയ നിലയിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.
നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു രണ്ടാമത്തെ സംഭവം. അരി കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ ആയുധധാരികൾ ആക്രമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ജൂലി ഗാങ്‌തെയും താങ്‌റോൽ ഗാങ്‌തെയും സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സായുധ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഇസാക്-മുയിവ) , സീലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസൺ) എന്നീ സംഘടനകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് കടുത്ത ദുഃഖം രേഖപ്പെടുത്തി. നിരപരാധികളായ സാധാരണക്കാർക്കെതിരായ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമൂഹത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മുഖ്യമന്ത്രി പരിക്കേറ്റ കുട്ടിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കും ആശംസ നേർന്നു.





