20 September, 2026 12:09:35 PM


മുംബൈയിൽ ബിഎംഡബ്ല്യു കാർ മറിഞ്ഞ് അപകടം: മൂന്ന് വിദ്യാർഥികൾ മരിച്ചു



മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 5:20-ഓടെ ലോട്ടസ് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിർവശത്താണ് സംഭവം.

മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് പോകുകയായിരുന്ന കാർ അതിവേഗത്തിലെത്തിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് കോസ്റ്റൽ റോഡ് കൺട്രോൾ റൂം വ്യക്തമാക്കി.

മരിച്ചവരിൽ ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17) എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നാമത്തെയാൾ 25 വയസ്സുകാരനാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന നാല് പേരെയും ഉടൻ തന്നെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ 20 വയസ്സുകാരനെ ഗുരുതരാവസ്ഥയിൽ ട്രോമ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304