28 August, 2026 10:09:56 AM


നേപ്പാൾ പ്രളയം: മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്നു: 2 പേർ അറസ്റ്റിൽ



കാഠ്മണ്ഡു: വൻ ദുരന്തം വിതച്ച മിന്നൽപ്രളയത്തിനിടെ നേപ്പാളിൽ ദാരുണ സംഭവത്തിന് പിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയജലത്തിൽ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ മോഷ്ടിച്ചതിനാണ് രണ്ടുപേരെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ കമ്മൽ ഊരിയെടുത്തത്. 

സംഭവത്തിന്റെ 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ ജനരോഷം ഉയർന്നിരുന്നു. തുടര്‍ന്ന് നേപ്പാൾ പൊലീസ് ഔദ്യോഗികമായി തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്തതായി അറിയിക്കുകയുമായിരുന്നു. മരം ഉപയോഗിച്ച് സ്ത്രീയുടെ മൃതദേഹം കരയിലേക്ക് അടുപ്പിച്ച ശേഷമാണ് ഇരുവരും ചേർന്ന് രണ്ട് ചെവികളിൽ നിന്നായി കമ്മലുകൾ ഊരി മാറ്റിയത്.

ആളുകൾ ചുറ്റും നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും അനാദരവ് നിറഞ്ഞ നീക്കം. സംഭവത്തിൽ ചിത്‌വൻ പൊലീസ് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെ ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിലെ പോഖറ ബസ് പാർക്കിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ദുരന്തസമയത്ത് ഇരകളോട് ക്രൂരമായും അനാദരവോടെയും പെരുമാറുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ വൻ മഞ്ഞുമല വീഴ്ചയും തുടർന്നുണ്ടായ പ്രളയത്തിലും മരണസംഖ്യ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. കാണാതായ 1400-ഓളം പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K