03 August, 2026 09:50:46 AM


ഗാസിയാബാദിൽ വനിതാ ഡോക്ടർ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു



ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് രാജ് നഗർ എക്സ്റ്റൻഷനിലുള്ള ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് 40 വയസ്സുകാരിയായ വനിതാ സൈക്യാട്രിസ്റ്റ് മരിച്ചു. ഓഫീസർ സിറ്റി-2 സൊസൈറ്റിയിൽ താമസിച്ചിരുന്ന ഡോ. ഹേമിക അഗർവാൾ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ ഡോ. ഹേമികയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദ്ഗ്രാം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ആർ. ചന്ദ്രയുടെ മകളാണ് മരിച്ച ഹേമിക. ഒന്നര വർഷം മുൻപ് വിവാഹമോചനം നേടിയതിനെത്തുടർന്ന് മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലും വിഷാദരോഗത്തിലും ആയിരുന്നുവെന്ന് പിതാവ് പോലീസിന് മൊഴി നൽകി. സ്വന്തമായി പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടറുടെ മാനസികാരോഗ്യ പശ്ചാത്തലവും പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവസ്ഥലത്തുനിന്ന് ഇതുവരെ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സൊസൈറ്റിയിലെത്തി ഫോറൻസിക് ടീം തെളിവുകൾ ശേഖരിച്ചു. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915