15 October, 2026 06:39:44 PM
ബുദ്ധിമാന്ദ്യമുള്ള അതിജീവിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 15 വർഷം തടവ്

കോട്ടയം: 54 വയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 15 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീ തൻജിത്ത് കൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് 10,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കുറിച്ചി വില്ലേജിൽ ട നാല്പതംകവല ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സന്തോഷ് പി.ജി. (42) ആണ് പ്രതി.കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ചിങ്ങവനം പോലീസ് സ്റ്റേഷനിലെ നിസി, പ്രവീൺകുമാർ ആർ. എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന അനൂപ് സി. നായർക്കായിരുന്നു കേസിന്റെ അന്വേഷണച്ചുമതല.





