06 October, 2026 09:48:46 AM
ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ രാഷ്ട്രീയനേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. വാശിയേറിയതും അത്യന്തം ആകാംഷ നിറഞ്ഞതുമായ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്', 1979-ൽ പുറത്തിറങ്ങിയ 'കെയ്ൻ ആന്റ് ആബെൽ' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളിൽ ചിലതാണ്. അദ്ദേഹത്തിന്റെ പുതിയ നോവലായ 'ആദം ആന്റ് ഈവ്' ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
1940 ഏപ്രിൽ 15-ന് വടക്കൻ ലണ്ടനിൽ ജനിച്ച ആർച്ചർ പിന്നീട് സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ-മേയറിലേക്ക് മാറുകയായിരുന്നു. 1969-ൽ ലൗത്ത് മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അഞ്ച് വർഷത്തെ പാർലമെന്ററി സേവനത്തിന് ശേഷം, 1980-കളുടെ മധ്യത്തിൽ അന്നത്തെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർമാനായി അദ്ദേഹം നിയമിതനായി.
എന്നാൽ, വിവാദ കേസിൽ പ്രതിയായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയേറ്റു. 'ദി സ്റ്റാർ' പത്രത്തിനെതിരെ നൽകിയ അപകീർത്തി കേസിൽ കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് 2001-ൽ അദ്ദേഹം ജയിൽശിക്ഷ അനുഭവിച്ചു. ശിക്ഷ പൂർത്തിയാക്കി 2003-ൽ ജയിൽ മോചിതനായ ശേഷം ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, 2024-ൽ വിരമിക്കുന്നതുവരെ അംഗമായി തുടർന്നു.




